-->

ദൈവത്തോടു കൂടെ നടന്ന ഹാനോക്ക്.

ഹാനോക്

              ദൈവത്തോടു കൂടെ നടക്കുക എന്നത് അതിശ്രേഷ്ഠമായ ഒരു അനുഭവം ആണ്. ദൈവത്തോടുകൂടെ നടക്കണം എങ്കിൽ അങ്ങനെ നടക്കാൻ ആഗ്രഹിക്കുന്നവനും ദൈവവും തമ്മിൽ പരിപൂർണ്ണമായ ഐക്യം ഉണ്ടായിരിക്കേണം. ദൈവം ആഗ്രഹിക്കുന്നവനും ഉദ്ദേശിക്കുന്നതുമായ മാർഗ്ഗത്തിൽ തന്നെ അവൻ നടക്കേണ്ടതാണ്. വേറൊരർത്ഥത്തിൽ പറഞ്ഞാൽ ദൈവത്തിന്റെ ലക്ഷ്യം തന്നെ ആയിരിക്കണം അവന്റെതും എന്ന് സാരം. ഇത് ദൈവീക നടത്തിപ്പിനും നിയന്ത്രണത്തിനും വിധേയമായ ഒരു ജീവിതമാണ്. ദൈവത്തിന്റെ ഇഷ്ടം, കൂടെ നടക്കുന്നവന്റെയും ഇഷ്ടമായി സ്വീകരിപ്പാനും ദൈവത്തിന് അനിഷ്ടമായി കരുത്തുവാനും കഴിയേണം. എഴുതപ്പെട്ട നിയമങ്ങളോ കല്പനകളോ ന്യായപ്രമാണമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഹാനോക് എന്ന മനുഷ്യൻ ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചു. അപ്രാകാരം സ്ഥായിയായി ഒരു തുറന്ന വിശ്വാസമില്ലെങ്കിൽ ദൈവത്തെ പ്രസാദിപ്പിക്കുവാനോ ദൈവത്തോട്ചേർന്ന് ജീവിക്കുവാനോ സാദ്ധ്യമല്ല.ദൈവത്തോട് കൂടെ നടന്ന ഹാനോക്കിനെ കുറിച്ച് ഉല്പത്തി ഗ്രനഥകാരൻ അധികമൊന്നും പറയുന്നില്ല. ഏതാനും ചില വാക്കുകൾ മാത്രം. അതു ഇപ്രകാരമാണ്. "ഹാനോക് ദൈവത്തോട് കൂടെ നടന്നു ദൈവം അവനെ എടുത്തു കൊണ്ടതിനാൽ കാണാതെ ആയി "എന്നാണ് ഉല്പത്തി 5:24, 

ഈ ഹാനോക്കിന്റെ ജീവിതത്തിന്റെ വിശദീകരണങ്ങളിലേക്ക് കടക്കാം.

1. ദൈവത്തോട് കൂടെ നടന്ന ഹാനോക്ക് ആരായിരുന്നു. 

           വേദ പുസ്തത്തിൽ രണ്ടു ഹാനോക്കുമാരെ കാണാം. ഒന്നാമത്തെ ഹാനോക്ക് ആദം മുതൽ മൂന്നാം തലമുറക്കാരനാണ്. കയിനിന്റെ മകനായ ഈ ഹാനോക്കിന്റെ പേര് നിലനിർത്തൻ വേണ്ടി നോദ് ദേശത്ത് കയിൻ പണിത പട്ടണത്തിന് ഹാനോക്ക് എന്ന് പേരിട്ടു. എന്ന് പലരും മക്കളുടെ പേര് നിലനിർത്തുവാൻ വീടിനും വാഹനങ്ങൾക്കും മറ്റും മക്കളുടെ പേര് ഇടാറുണ്ട്. എന്നൽ ആദം മുതൽ മൂന്നാം തലമുറക്കാരൻ ഹാനോക്കിന്റെ പേര് കയിൻ പണിത പട്ടണത്തിന് ഇട്ടിട്ടുപോലും ആ പട്ടണമോ അവന്റെ പേരോ വേദപുസ്തകത്തിൽ പിന്നിട് കാണുന്നില്ല. ലോകത്തിലെവിടെ എങ്കിലും ഇന്ന് ആ പട്ടണം നിലനിൽക്കുന്നതായി അറിവുമില്ല. 

          രണ്ടാമത്തെ ഹാനോക്കാണ് ദൈവത്തോട് കൂടെ നടന്നവൻ ഉല്പത്തി 5-)o അദ്ധ്യായത്തിൽ കയിനിന്റെ വംശാവലിക്ക് പകരം ആദാമിന്റെ മുന്നാമത്തെ പുത്രനായ ശേത്തിന്റെ വംശാവലിയാണ് കാണുന്നത്. സ്വന്തം സഹോദരനായ ഹാബേലിനെ കൊലചെയ്ത കയിനിന്റെ പേരോ അവന്റെ മകന്റെ പേരോ നമ്മുടെ കർത്താവിന്റെ വംശാവലിയിലും കാണുന്നില്ല. അതിനു പകരം ഏഴാം തലമുറക്കാരനായ ഹാനോക്കിനെയും അവന്റെ മകൻ മെധുശലേമിനേയും കാണുന്നു. ഉല്പത്തി 5-)o അദ്ധ്യായത്തിൽ പറയുന്ന വ്യക്തികൾ ഏറ്റവും പ്രായം കൂടിയ വ്യക്തി വെധുശലേമാണ്.മെധുശലേഹ് 969 വർഷം ജീവിച്ചിരുന്നു. ആദാമിന്റെ മൂന്നാമത്തെ മകനായ ശേത്തിന്റെ മകനായ കേനാന്റെ മകനായ മഹലയേലിന്റെ മകനായ യാരദിന്റെ മകനാണ് ദൈവത്തോട് കൂടെ നടന്ന ഹാനോക്ക്. ഹാനോക്ക് എന്ന പേരിന്റെ അർത്ഥം 'പ്രതിഷ്‌ഠിക്കപ്പെട്ടവൻ ''സമർപ്പിക്കപ്പെട്ടവൻ' 'വിശുദ്ധികരിക്കപ്പെവൻ 'എന്നൊക്കെയാണ്. ഈ ഹാനോക്കിനെക്കുറിച്ച് ഉല്പത്തി 5:21-24, എബ്രായർ 11:15, യൂദാ 14:15എന്നീ ഭാഗങ്ങളിലാണ് രേഖപ്പെടുത്തി ഇരിക്കുന്നത്. 

2. എങ്ങനെയാണ് ഹാനോക്ക്  ദൈവത്തോട് കൂടെ നടന്നത്. 

           "രണ്ടു പേർ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ "എന്ന് ആമോസ് 3:3 ൽ കാണാം. ദൈവവുമായി ഒരുമിച്ചു നടക്കാനുള്ള മാർഗ്ഗം, പുതിയനിയമപ്രകാരം ഏക മദ്ധ്യസ്ഥനായ യേശു ക്രിസ്തുവിൽ കൂടി പരിശുദ്ധാത്മ ശക്തിയാൽ ദൈവത്തോട് അനുരഞ്‌ജനം പ്രാപിക്കുക എന്നതാണ്. നമ്മുടെ ഇഷ്ടം ദൈവത്തെ കൊണ്ട് സാധിപ്പിക്കുവാനല്ല പിന്നെയോ ദൈവത്തിന്റെ ഇഷ്ടം നമ്മെക്കൊണ്ട് സാധിപ്പിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. 2 കോരി. 5:7ൽ" കാഴ്ചയാലല്ല വിശ്വാസത്താലത്രെ ഞങ്ങൾ നടക്കുന്നത് "എന്ന് പൗലോസ് എഴുതുന്നു. ഇത് ഹാനോക്കിനെ കുറിച്ച് എടുത്ത് പറയേണ്ട കാര്യമാണ്. എബ്രായ ലേഖനകർത്താവ് ദൈവത്തെ പ്രസാദിപ്പിക്കുന്നതും വിശ്വാസവും തമ്മിൽ ബന്ധിപ്പിച്ചാണ്പറഞ്ഞിരിക്കുന്നത്. വിശ്വാസം എന്ന പദത്തിന് ആശ്രയം, അനുസരണം, ഉറപ്പ്, ധൈര്യം മുതലായ അനേകംഅർത്ഥങ്ങലുണ്ട്.ആദ്ധ്യാത്മകതയുടെയും മതത്തിന്റെയും എല്ലാ അടിസ്ഥാനം വിശ്വാസം ആണെന്ന് പറയാം. ദൈവത്തോടു കൂടെ നടക്കുക എന്നത് ലോക കാര്യങ്ങളിൽ നിന്നെല്ലാം വേർപ്പെട്ട് സന്യാസം സ്വീകരിക്കുന്ന തരത്തിൽ ഉള്ള ഒന്നല്ല എന്നാണ് ഹാനോക്ക് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. ഹാനോക്ക് ദൈവത്തോട് കൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു എന്ന് വായിക്കുന്നു. കുടുംബത്തിന്റെ ചുറ്റുപാടിലും അതിന്റെ പ്രശ്നങ്ങളിലും എല്ലാം ഹാനോക്ക് ദൈവത്തോട് കൂടെതന്നെ നടന്നു എന്നതാണ് എടുത്തു പറയേണ്ടത്. ഹാനോക്കിന് 65 വയസ്സ് ആയപ്പോൾ അവന്റെ ഭാര്യ ഒരു മകനെ പ്രസവിച്ചു അവനു മെധുശലഹ്(അസ്ത്രമനുഷ്യൻ) എന്ന് പേരിട്ടു. ഇത് അവന്റെ ജീവിതത്തിന് രൂപാന്തരം സംഭവിച്ച സമയം ആയിരുന്നു. അപ്പോൾ മുതൽ അവൻ ദൈവത്തോട് കൂടെ നടക്കാൻ തുടങ്ങി. (ഉല്പത്തി 5:22, 24,6:9) ദൈവമില്ലാത്ത ഒരു ലോകത്തിൽ ഒരു മകനെ വളർത്തുന്നതിന്റെ ഉത്തരവാദിത്തം വെല്ലുവിളിയായി തോന്നിയതു കൊണ്ടാന്നോ ഹാനോക്കിനു ദൈവത്തിന്റെ സഹായം വേണമെന്ന് തോന്നിയത്, അതോ പൈതൽ വളർന്നപ്പോൾ പ്രളയം വരുന്നത് മുൻകൂട്ടി കാണത്തക്ക വിധം ദൈവം ഹാനോക്കിന് ഭാവിയെ  കുറിച്ചുള്ള ഉൽക്കാഴ്ച നല്കിയതാണോ എന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്തായാലും മിഥുശലഹിന്റെ ജനനം ഹാനോക്കിന്റെ ജീവിതത്തെ  മുഴുവനായി മാറ്റി മറിച്ചു. 

         മിഥുശലഹ്‌ എന്ന വാക്കിന്റെ അർത്ഥം പ്രധാനമല്ല.എന്നൽ അവന്റെ ആയുസ് 969 വർഷമായിരുന്നു, എന്നത് പ്രധാനമാണ്. മിഥുശലഹ്‌ മരിച്ച ആണ്ടിൽ ജലപ്രളയം ഉണ്ടായി ഒരു പക്ഷേ പൈതൽ ജനിച്ച ശേഷം പ്രളയം ഉണ്ടാകും എന്ന് ദൈവം പറഞ്ഞിരിക്കാം അത് മനസ്സിൽ തറച്ചത്തിന്റെ ഫലമായി അവൻ ദൈവത്തോട് ചേർന്ന് നടക്കാനും ദൈവേഷ്‌ടം ചെയ്യാനും തുടുങ്ങുകയും ചെയ്തു. തുടർന്ന് ഹാനോക്ക് 300വർഷമാണ് ദൈവത്തോട് കൂടെ നടന്നത്. നോഹയും ദൈവത്തോട് കൂടെ നടന്നു എന്ന് ഉല്പത്തി 6.9 ൽ പറയുന്നു. നോഹ ഹാനോക്കിന്റെ കൊച്ചുമകൻ ആയിരുന്നു. ദൈവം നടത്തുന്നവനാണ് ദൈവമകൻ റോമർ. 8:14.

          നന്നായി നടക്കാൻ ആരംഭിച്ചത് കൊണ്ട് മാത്രം അവസാനം വരെ അങ്ങനെ ആയിരിക്കണമെന്നില്ല. ഇടക്ക്  വെച്ച് പലരും പിൻമാറി പോകുന്നതായി കാണാം. മൂന്നര വർഷക്കാലം യേശുവിനോട് കൂടെ ജീവിച്ച ഇസ്കരിയോത്ത യൂദയുടെ അവസാനം പരാജയം ആയിരുന്നു. അപ്പൊസ്‌തലനായ പൌലോസിന്റെ സഹ പ്രവർത്തകനായിരുന്ന ദേമാസ്  ഒന്നാമതായി പൗലോസ് തടവിലാക്കാപ്പെട്ടപ്പോൾ തോഴനായി കൂടെ ഉണ്ടായിരുന്നു (കൊലോ 4:14.ഫിലേ. 24). എന്നാൽ പിന്നീട് ദേമാസ് ഈ ലോകത്തെ സ്‌നേഹിച്ച് എന്നെ വിട്ട്തെസ്സലോനിക്യയിലേക്ക് പോയി എന്നാണ് പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നത്.  (2 തിമഥേ 4:10) എന്നാൽ ഹാനോക്ക് അവസാനം വരെ ദൈവത്തോടു കൂടെ നടന്നു. 

         ലോക ചരിത്രം ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ആയിട്ടാണ് പഴയ നിയമം വ്യാഖ്യാനിക്കുന്നത്. തുടരുന്നു ഈ ചരിത്രത്തിന്റെ അനുബന്ധമാണ് വ്യക്തികളുടെയും സമൂഹങ്ങളുടെയും ചരിത്രങ്ങൾ. ചരിത്രത്തിലാണ് ദൈവത്തോട് ബന്ധം അവക്കുള്ളത്. മരണം ലോകത്തിൽ നിന്നെന്നെപോലെ ദൈവ സന്നിധിയിൽ നിന്നും മനുഷ്യ വ്യക്തിയുടെ വേർപാടാണ്. അതുകൊണ്ടാ മനുഷ്യരുടെ ഇഹലോക ജീവിതത്തിൽ അവർ ലോകചരിത്രത്തിൽ നൽകുന്ന സംഭാവനകൾക്കും ഈ സമീപനം അങ്ങേയറ്റം വില കല്പിക്കുന്നത്. മനുഷ്യരുടെ ആളത്വം മരണത്തോട് കൂടി അവസാനിക്കുന്നു എങ്കിലും അവരുടെ ജീവിതം മൂലം അവർ പിൻതലമുറകൾക്ക് നൽകിയ സംഭാവനകൾ മൂലം ചരിത്രമായി നിലനിൽക്കും. അവ ലോകത്തിൽ ദൈവ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറും എന്നചാരിതാർത്യത്തോട് മരണം അഭിമുഖീകരിക്കും. ഇപ്രകാരമാണ് പഴയനിയമത്തിലെ cപൊതുചിന്ത. 

           എന്നാൽ ലോക ചരിത്രത്തോട് ബന്ധപ്പെട്ട്ഇരിക്കുമ്പോൾ മാത്രമേ മനുഷ്യന് ദൈവവുമായി ബന്ധം  സാധ്യമാവൂ എന്ന് ഈ പൊതു  തത്വം ചോദ്യം ചെയ്യുന്നരീതിയിലാണ് ഹാനോക്കിന്റെ അന്ത്യം ചിത്രികരിച്ചിരിക്കുന്നത്. ഹാനോക്ക് ലോകത്തിൽ ജീവീച്ചിരുന്നപ്പോൾ ദൈവത്തോട് കൂടെ നടന്നു. ഹാനോക്കിന് ഈ ലോകത്തിൽ ലഭിച്ച ദൈവസാന്നിധ്യം തുടർന്ന് ലഭിക്കത്തക്കവണ്ണം അവനെ  മരണത്തിന് വിധേയനാക്കാതെ  ദൈവ സാനിദ്ധ്യമുള്ള വേറൊരു തലത്തിലേക്ക് ചേർത്തു കൊള്ളുന്നു. അവൻ മരിച്ചു എന്ന പ്രയോഗം ഹാനോക്കിന്റെ കാര്യത്തിൽ ഉപയോഗിച്ചിട്ടില്ല. കാരണം ഒരുക്കിലും മരിച്ചിട്ടില്ലാത്ത വേദപുസ്തകത്തിലെ രണ്ടു വ്യക്തികളിൽ ഒരാളാണ് ഹാനോക്ക്. മരിക്കാതെ ദൈവ  സന്നിധിയിൽ എടുക്കപ്പട്ട  മറ്റൊരാൾ ഏലിയാവാണ്. (2രാജാ 2:11)ദൈവം ലോകത്തിൽ മഹാകഷ്ടം അയക്കുന്നതിന് മുൻപ് സഭയെ സ്വർഗ്ഗത്തിലേക്ക് എടുക്കുന്നതിന്റെ ഒരു ചിത്രമായി പ്രളയത്തിനുമൂപ്പുള്ള ഹാനോക്കിന്റെ ഈ ആനന്ദാ തിരെകത്തെ ചില വേദപണ്ഡിതന്മാർ ചൂണ്ടി കാണിക്കുന്നു . 

           വിശ്വാസത്താൽ ഹാനോക്ക്  സ്വർഗ്ഗത്തിലെക്ക് എടുക്കപ്പെട്ട്  (എബ്രായർ 11:5) എന്ന് എബ്രായ ലേഖകനും രേഖപ്പെടുത്തി ഇരിക്കുന്നു. അവൻ ദൈവത്തിൽ  വിശ്വസിച്ചു ദൈവത്തോട് കൂടെ എന്നേക്കും ഇരിക്കാനായി പോയി.ഇത് നമുക്ക് എല്ലാവർക്കും പിൻതുടരാൻ ഒരു നല്ല മാതൃകയാണ്. ദുർവ്യത്തിയും അക്രമവും കൊടുമ്പിരി കൊള്ളുകയും ഒരു ശേഷിപ്പു മാത്രം ദൈവത്തിൽ വിശ്വസിക്കുകയും ചെയ്തപ്രളയത്തിനുമുമ്പുള്ള ആ സംവത്സരങ്ങളിൽ ദൈവത്തോട് കൂടെ നടക്കുക എന്നത് വളരെ പ്രയാസകരം ആയിരിക്കണം എന്നതിന് സംശയമില്ല. എന്നാൽ ഹാനോക്കിന്റെ വിശ്വാസം ഒരു രഹസ്യമായിരുന്നില്ല. ലോകത്തിന്റെ പാപത്തെ ന്യായം വിധിപ്പാൻ ദൈവം വരുമെന്ന് അവൻ ലോകത്തോട് ധൈര്യത്തോടെ പ്രസ്താവിച്ചും  (യൂദ 14, 15)അവന്റെ കാലത്ത് തന്നെ പ്രളയം മൂലമുള്ള ന്യായവിധി വന്നു. എന്നാൽ ഹാനോക്ക് പ്രസ്താവിച്ച ന്യയ വിധി യേശു ക്രിസ്തുവിന്റെ വീണ്ടും വരവോടുകൂടി നടക്കും. 

       വക്രതയും കോട്ടയവും ഉള്ള ഈ തലമുറയിൽ ദൈവത്തോട് വിശ്വസ്‌തത പുലർത്താൻ കഴിയുമെന്ന് ഹാനോക്കിന്റെ ജീവിതവും സാക്ഷ്യവും നമ്മെ അനുസ്‌മരിപ്പിക്കുന്നു. ലോകം എത്ര അന്ധകാര വൃതമായാലും ദിനം പ്രതികേൾക്കുന്ന വാർത്തകൾ എത്ര ദുഷിച്ചത് ആണെങ്കിലും നമ്മെ ധൈര്യപ്പെടുത്തുന്നത്തുന്നത്തിനും ദൈവ ഭക്തിയിൽ ജീവിക്കുന്നതിനും കർത്താവിന്റെ വരവിനെ കുറിച്ചുള്ള വാഗ്ദത്തം നമുക്കുണ്ട്. കർത്താവ് വന്ന് പാപത്തെ ന്യായം വിധിക്കുകയും ദൈവമക്കളുടെ വിശ്വസ്തതക്ക് പ്രതിഫലം  നൽകുകയും ചെയ്യും. അതിനാൽ ഹാനോക്കിനെ പോലെ ദൈവത്തോട് കൂടെ നമുക്കും ചേർന്ന് നടക്കാം.