ആദ്യ മനുഷ്യനായ ആദം
വേദപുസ്തക വിവരണം അനുസരിച്ച് ദൈവം സൃഷ്‌ടിച്ച ആദ്യ മനുഷ്യനാണ് ആദം. പ്രകൃതിശക്തികളെയും സസ്യജാലകങ്ങളേയും ജന്തുക്കളേയും സൃഷ്ടിച്ച ശേഷമാണ് അവസാനമായി മനുഷ്യനെ ദൈവം സൃഷ്ടിച്ചതിനെ ക്കുറിച്ചുള്ള വിവരണം, അവന്റെ കുടുംബം , അവന്റെ പാപം, പുതിയ നിയമത്തിലെ പരാമർശങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ് ഇവിടെ നൽകുന്നത്.
1) ദൈവസൃഷ്ടിയായ ആദം.
ആദം' എന്ന എബ്രായ പദത്തിന്റെ അർഥം 'ചുവന്ന നിറമുള്ളവൻ' എന്നാണ്.ദൈവം ആദാമിനെ സ്യഷ്ടിച്ചതിനെക്കുറിച്ചുള്ള രണ്ടു കഥകൾ ഉൽപ്പത്തി പുസ്തകത്തിൽ കാണാം. ആദ്യത്തെ കഥ ഉല്പത്തി 1ന്റെ 26മുതൽ28വരെ ഉള്ള 3 വാക്യങ്ങളിൽ ഒതുക്കുന്നു. ദൈവത്തിന്റെ എല്ലാ സൃഷ്ടികളുടെയും മകുടമായി മനുഷ്യനെ ദൈവത്തിന്റെ സ്വരൂപത്തിൽ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്ന് കാണാം.എന്നാൽ 2:7ൽ ദൈവം തന്റെ കൈകൊണ്ട് നിലത്തിലെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ച അവന്റെ മൂക്കിൽ ജീവശ്വാസം ഊതി ജീവൻ നൽകി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം മണ്ണ് കൊണ്ട് മനുഷ്യനെ നിർമ്മിച്ചതിനാൽ ഭൂമിയോടും മൂക്കിൽ ദൈവം ജീവശ്വാസം ഊതിയതിനാൽ ദൈവത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനർത്ഥം മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ദൈവവുമായുള്ള ബന്ധത്തിൽ ജീവിക്കണമെന്നാണ്.
ദൈവത്തിന്റ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്നത്, ദൈവത്തിന്റെ ബാഹ്യമായ രൂപത്തെയല്ല ദൈവീക സ്വഭാവത്തെയും ഗുണത്തെയുമാണ് വ്യക്തമാക്കുന്നത്. ആദം ദൈവത്തിന്റെ സൃഷ്ടിയാണ്. ദൈവത്തിൽ നിന്ന് ജനിച്ചവനല്ല എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. എല്ലാം സൃഷ്ടിച്ചതിനെതുടർന്നാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതിനുശേഷം ഒന്നിനെയും സൃഷ്ടിച്ചതായി രേഖയില്ല. ദൈവം സൃഷ്ടിച്ചതെല്ലാം മനുഷ്യന് വേണ്ടിയായിരുന്നു. അവയെല്ലാം നല്ലതെന്ന് ദൈവം കണ്ടു. സർവ്വചരാചരങ്ങളുടെ മേലും വാഴുവാനുള്ള അധികാരവും ദൈവം മനുഷ്യന് നൽകി. (1:26-28) മനുഷ്യനാണ് അവക്ക് പേര് നൽകിയത്(2:19).
"ആനന്ദകരം സന്തോഷകരം "എന്നൊക്കെ അർത്ഥം വരുന്ന 'ഏദൻ' എന്ന തോട്ടം ദൈവം ഉണ്ടാക്കിയിരുന്നു. അതിൽ അവനെ ആക്കി. തോട്ടത്തിലെ മനോഹരമായ ഫലവ്യക്ഷങ്ങൾ നനക്കുന്നത് അവന്റെ ജോലി ആയിരുന്നു.അതിനു വേണ്ടിധാരാളം വെള്ളം ഉള്ള ഒരു നദി തോട്ടത്തിൽ ഉണ്ടായിരുന്നു. അതിൽ നിന്നു പീശോൻ, ഗീഹോൻ, ഹിദ്ദേക്കെൽ,ഫ്രാതത് എന്നിങ്ങനെ നാല് കൈവഴിയായ് ഏദൻ തോട്ടത്തിൽ കൂടി ഒഴുകിയിരുന്നു. അവിടെ ജോലി ചെയ്യാനും കാപ്പാനുമുള്ള ചുമതല അവനെ ഏൽപ്പിച്ചു. ആ തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം തിന്നാമെങ്കിലും നന്മ തിന്മകളെ
കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം മാത്രം തിന്നരുതെന്ന് ദൈവം കല്പിച്ചു.
2) ആദാമിന്റെ കുടുംബം.
'കുടുംബം 'എന്ന സ്ഥാപനം ഭൂമിയിൽ ആദ്യമായി സംവിധാനം ചെയ്തത് ദൈവമാണ്. മനുഷ്യനെ സൃഷ്ടിച്ച് ഏദൻതോട്ടത്തിൽ ആക്കിയശേഷം ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളെയും അവന്റെ മുമ്പിൽക്കൂട്ടി വരുത്തി.
അവയ്‌ക്കു മനുഷ്യൻ പേരിട്ടു, എങ്കിലും അവന് തക്കതായ ഒരു തുണ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് ദൈവം ആദാമിനെ മയക്കി ഭൂമിയിലെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി. ഒരു വാരിയെല്ല് എടുത്ത് സ്ത്രീയാക്കി അവന് നൽകി.(2:22, 23)മനുഷ്യൻ തന്റെ ശരീരത്തിന്റെ ഒരു ഭാഗമായ സ്ത്രിയെ 'നാരി'എന്ന് പേര് നൽകി. ഏദനിൽ ആദ്യ വിവാഹത്തിന്റെ ആലോചനക്കാരനും കാർമ്മികനും ബന്ധുക്കളും സ്നേഹിതരും എല്ലാം ദൈവം തന്നെയായിരുന്നു. അങ്ങനെ ദൈവം ആദ്യവിവാഹം അനുഗ്രഹിച്ച് ക്രമപ്പെടുത്തി. ആദാമിന് കയ്യീൻ, ഹാബേൽ, ശേത്ത് എന്നി മൂന്നു മക്കൾ ജനിച്ചു. (4:1, 5:3)ആദാമിന് മറ്റ് പുത്രന്മാരും പുത്രന്മാരും ജനിച്ചു. (5:5)
3) ആദം ചെയ്ത പാപവും ഫലവും.
ദൈവകല്പന നിസ്സാരമായി കാണുകയും അത് കൊണ്ട് തന്നെ അത് മറക്കുകയും ചെയ്തു. തുടർന്ന് അനുസരണക്കേട് കാണിച്ചു. അതാണ് ആദം ചെയ്ത പാപം."തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്ന് ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ? എന്ന പാമ്പിന്റെ ചോദ്യത്തിനുളള സ്ത്രീയുടെ മറുപടിയിൽ ദൈവം പറയാത്തകാര്യവും കൂടി കൂട്ടിച്ചേര്‍ത്തു ."തൊടുകയും അരുത് "(3:2, 3).പാമ്പിന്റെ പ്രലോഭത്തിൽ സ്‌ത്രീ ആദ്യം പാപത്തിൽ വീണു. തുടർന്ന് ഭർത്താവായ പുരുഷനും വീണു.പുരുഷനല്ല സ്ത്രീയാണ് ആദ്യം പാപം ചെയ്തതെന്ന് പുതിയ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. "ആദം അല്ല സ്‌ത്രീ അത്രെ വഞ്ചിക്കപ്പെട്ട
ലംഘനത്തിൽ അകപ്പെട്ടത് "(1തീമോ.2:14).എന്നാൽ ഇവിടെ സ്ത്രീ വഞ്ചിക്കപ്പെടാൻ കാരണം ആദം സ്ത്രീയിൽ നിന്നു മാറി നിന്നതാണ്.അതിനെ പാമ്പ് (പിശാച് ) മുതലെടുത്തു എന്നെയുള്ളൂ. മാത്രമല്ല ഭാര്യയുടെ തെറ്റിനെ വിവേചിച്ച് ശരിയോ തെറ്റോ എന്ന് മനസ്സിലാക്കാൻ ആദമിന് സാധിച്ചില്ല. അവളുടെ തെറ്റിനെ മനസ്സിലാക്കി പിന്തിരിപ്പാനും ആദമിന് കഴിഞ്ഞില്ല മാത്രമല്ല അവനും അതിൽ അകപ്പെട്ടു. പാമ്പിന്റെ (പിശാച് )ഉപദേശം സ്വീകരിച്ച അവനും പാപിയായി തീർന്നു.
പാപത്തിന്റെ ഫലമായി സ്ത്രീയും പുരുഷനും നഗ്നരെന്ന് അറിഞ്ഞു. അത്തിയിലകൊണ്ട് വസ്ത്രം ഉണ്ടാക്കി നഗ്നത മറെച്ചു. ദൈവം തോട്ടത്തിൽ വന്നപ്പോൾ അവർ ഒളിച്ചു ദൈവത്തിന്റെ ചോദ്യത്തിന് ദൈവത്തെയും സ്ത്രീയെയും അവൻ കുറ്റപ്പെടുത്തി. "എന്നോട് കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ഞാൻ തിന്നുകയും ചെയ്തു്".(ഉൽപ്പത്തി 3:12)
അതിനർത്ഥം തന്നോട് കൂടെ ഇരിപ്പാൻ സ്ത്രീയെ തന്ന ദൈവവും സ്ത്രീയുമാണ് കുറ്റക്കാർ. സ്വന്ത കുറ്റം മനസ്സിലാക്കാതെ മറ്റുള്ളവരുടെ മേൽ ചാരുന്ന പ്രവണത ആദാമിനുണ്ടായി. അത് എന്നും മനുഷ്യർ തുടരുന്നു.
ദൈവശാപം അവൻ ഏറ്റു വാങ്ങി. (ഭാര്യയുടെ വാക്ക് അനുസരിച്ച് ദൈവകല്പന നിരസിച്ചു."അതുകൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.ജീവിതകാലം കഷ്ടതയോടെ അതിൽ നിന്ന് അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരായും ഭൂമിയിൽ മുളക്കും. വയലിലെ സസ്യം നിനക്ക് ആഹാരമാകും. നീ പൊടിയിലേക്കു തന്നെ തിരികെ ചേരും".(3:17-19)ഇതായിരുന്നു ശാപത്തിന്റെ ചുരുക്കം. ആദം സ്ത്രീക്ക് "ഹവ്വ "എന്ന് പേര് നൽകി.ദൈവം തോൽകൊണ്ട് ഒരു ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു. (3:21)തുടർന്ന് ദൈവംഅവരെ ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കി. (3:23)മാത്രമല്ല ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാപ്പൻ ഏദെൻ തോട്ടത്തിന് കിഴക്കു തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ
ജ്വാലയുമായി കെരൂബുകളെ കാവൽ നിർത്തി. (3:24)ആദം 930 വർഷം ജീവിച്ചിരുന്നു.
4) ആദവും ക്രിസ്തുവും തമ്മിലുള്ള വൈരുദ്ധ്യവും സാമ്യവും.
അപ്പോസ്തലനായ പൗലോസ് റോമർക്കെഴുതിയ ലേഖനം 5-)o അധ്യായത്തിലാണ് ഈ ആശയം പ്രധാനമായും കാണുന്നത്. പഴയ സൃഷ്ടികളിൽ ആദമിന് രാജകീയ അധികാരം ഉണ്ടായിരുന്നുഎന്ന് കാണാം. എന്നാൽ ആദം പാപം ചെയ്തതിന്റെ ഫലമായി ആ രാജകീയ അധികാരം നഷ്ടപ്പെട്ടു. മാത്രമല്ല ആദാമിന്റെ പാപത്താൽ മനുഷ്യരാശി മുഴുവൻ ദണ്ഡനത്തിനും മരണത്തിനും വിധിക്കപ്പെട്ടു. എന്നാൽ പുതിയ സൃഷ്ടിയുടെ മേൽ രാജാവായാണ് ക്രിസ്തു വന്നത് (2 കൊരി. 5:17).മാത്രമല്ല ക്രൂശിലെ തന്റെ അനുസരണത്താൽ ക്രീസ്തു നീതിയും നീതീകരണവും കൊണ്ട് വന്നു. ആദാമിന്റെ പാപത്താൽ ഉണ്ടായ നഷ്‌ടങ്ങളെ നികത്തുക മാത്രമല്ല ക്രിസ്‌തു ചെയ്തത്. അതിലധികമായി നമ്മെ ദൈവത്തിന്റെ മക്കളാക്കി തീർക്കുകയും ചെയ്തു. റോമർ (5:1-11)വരെയുള്ള വാക്യങ്ങളിൽ "അത്യന്തo"എന്ന വാക്ക് പൗലോസ് ഉപയോഗിച്ചത് ഈ അർത്ഥത്തിലാണ്.
ആദം എന്ന ഏക മനുഷ്യനാൽ മനുഷ്യരാശിയെ മുഴുവൻ ശിക്ഷിച്ച ദൈവത്തിന് യേശുക്രിസ്തുവാകുന്ന ഏക മനുഷ്യനിലൂടെ മനുഷ്യകുലത്തെ മുഴുവൻ രക്ഷിക്കൂവാൻ സാധിച്ചു. നാം എല്ലാവരും വംശസംബന്ധിയായി ആദാമിനോട് ചേർന്നിരിക്കുന്നതിനാൽ അവന്റെ കർമ്മം നമ്മേയും ബാധിക്കുന്നു. ഇതു മനസ്സിലാക്കാൻ എബ്രായർ 7:9,10 പഠിക്കേണ്ടതാണ്. നാം നമ്മുടെ വംശത്തിന്റെ തലയായ ആദാമിലൂടെ നഷ്ടപ്പെട്ടതു കൊണ്ട് പുതിയ സൃഷ്‌ടിയുടെ തലയായ ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനും സാധിക്കും. ആദാമുമായി വംശസംബന്ധിയായി ചേർന്ന് ഇരിക്കുന്നത്കൊണ്ടാണ് എല്ലാവരും മരിക്കുന്നത്. അത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കും.(1കൊരി 15:22). ആദാമീന്റെ ലംഘനത്താൽ അനവധി പേർ മരിച്ചു. ക്രിസ്തുവിന്റെ അനുസരണത്താൽ അനവധി പേർക്ക് ജീവൻ നൽകുന്നതിനായി ദൈവത്തിന്റെ കൃപ പെരുകി റോമാ.5:15.ക്രിസ്തുവിന്റെ കൃപ ഭൗതിക ജീവിതം മാത്രമല്ല തരുന്നത്. അതിന്റെ കൂടെ ആത്മിയ ജീവിതവും സമൃദ്ധിയുടെ ജീവിതവും തരുന്നു. ക്രിസ്തു മരണത്തെ കീഴടക്കി അതിനാൽ ഒരു ദിവസം ക്രിസ്തുവിൽമരിച്ച എല്ല ശ രീരങ്ങളും ഉയർപ്പിക്കും അതിൽ വിശ്വസിക്കുന്ന ഏവനും നിത്യ ജീവൻ സമൃദ്ധിയായി നൽകുന്നു (യോഹന്നാൻ. 10:10). ആദാമിന്റെ പാപം ന്യായവിധിയും ദണ്ഡനാവും കൊണ്ടു വന്നു. എന്നാൽ ക്രസ്തുവിന്റെ ക്രൂശിലെ പ്രവൃത്തി നീതികരണം കൊണ്ട് വന്നു. ആദം പാപം ചെയ്തപ്പോൾ അവനെ ശിക്ഷാർഹനും നീതി കെട്ടവനുമായി പ്രഖ്യാപിച്ചു. ഒരു പാപി ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ ദൈവകൃപയിൽ അവൻ നീതികരിക്കുന്നു. റോമർ. 5:14 ൽ "വരുവാനുള്ളവന്റെ പ്രതിരൂപമേന്ന് "ആദാമിനെ വിളിക്കുന്നു. അങ്ങനെ ആദം ഭൂമിയിൽ നിന്ന് വന്നു. എന്നാൽ യേശു സ്വർഗ്ഗത്തു നിന്ന് വന്നു. (1കൊരി. 15:47)സൗന്ദര്യത്താലും സ്‌നേഹത്താലും ചുറ്റപ്പെട്ട തോട്ടത്തിൽ വച്ചാണ് ആദം പരീക്ഷിക്കപ്പെട്ടത്. യേശു നിർജ്ജന പ്രദേശത്തുവച്ചു പരീക്ഷപ്പെട്ടു. ആദമിനെ തോട്ടത്തിൽ നിന്ന് പുറത്താക്കി. അവിടെ വച്ചു അവൻ മരിച്ചു. യേശു മരിച്ചത് പാളയത്തിന് പുറത്ത് (പട്ടണത്തിന് പുറത്ത് )വച്ചായിരുന്നു.(എബ്രായർ13:12)ആദാമിനെ പർദീസയിൽ നിന്ന് പുറത്താക്കി. എന്നാൽ യേശു ക്രൂശിലെ കള്ളന് പറുദീസ നൽകി. (ലൂക്കോസ്. 23:43)പഴയനിയമം ആദാമിന്റെ വംശപാരമ്പര്യത്തിന്റെ പുസ്തകമാണ്.(ഉല്പത്തി. 5:1)അത് അവസാനിക്കൂന്നത് ഒരു ശാപത്തിലാണ്. (മലാഖി.4:6)
പുതിയനിയമം രണ്ടാം ആദാമായ യേശുവിന്റെ വംശാവലിയാണ്. അത് അവസാനിക്കുന്നത് ഇനി ഒരിക്കലും ശാപം ഉണ്ടാവുകയില്ല എന്ന് പറഞ്ഞു കൊണ്ടാണ്. (വെളിപ്പാട്. 22:3)അതിൽ ആദാമായ യേശുവിൽ വിശ്വസിക്കുന്നവർക്ക് ശാപമല്ല അനുഗ്രഹമാണ് വാഗ്ദാനം നൽകിയിരിക്കുന്നത്.
Editor : Honey Violet


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ