-->

ഏലീയാവിന്റെ ആത്മാവിൽ ഇരട്ടി പങ്ക് ലഭിച്ച എലീശാ 2


            എലീശാ ആരായിരുന്നു , എലീശയുടെ ദൈവവിളി , ആത്മാവിന്റെ ഇരട്ടി പങ്ക് ലഭിച്ച എലീശാ, ബെഥേലിലെ പരിഹാസികൾ ശിക്ഷിക്കപ്പെട്ടത് എന്നിവയാണ് ഒന്നാം ഭാഗത്ത്‌ പരാമർശിച്ചത്. തുടർന്നുള്ള എലീശയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ പരിശോധിക്കാം .



യിസ്രായേലും മോവാബ്യരും തമ്മിലുള്ള യുദ്ധവും എലീശയും.



 യിസ്രായേൽ രാജാവായ ആഹാബിന്റെ മകനായ അഹസ്യാവ് മരിച്ചു. അവന് പുത്രന്മാർ ഉണ്ടായിരുന്നില്ല. അതിനാൽ ആഹാബിന്റെ മറ്റൊരു മകനും അഹസ്യാവിന്റെ സഹോദരനുമായ യെഹോരാം യിസ്രായേലിന്റെ രാജാവായി മോവാബ് രാജാവായ മേശേ യിസ്രായേൽ രാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ക്ഷം ആട്ടുകൊറ്റന്മാരുടേയും രോമം കപ്പമായി കൊടുത്തുവന്നിരുന്നു. എന്നാൽ മോവാബ് രാജാവ് യെഹോരാമിനോട് മത്സരിച്ചതു കൊണ്ട് മോവാബ്യരോട് യഹോരാം യുദ്ധത്തിന് തയ്യാറായി. ആഹാബ് മുമ്പ്‌ ചെയ്‌തതുപോലെ യഹൂദരാജാവായ യഹോശാഫാത്തിനെ കൂടെ തന്നോട് ചേരുവാൻ ക്ഷണിച്ചു. സൈന്യം ഏഴു ദിവസത്തെ വഴി നടന്നപ്പോൾ വെള്ളം കിട്ടാതെ മരുഭൂമിയിൽ വിഷമിക്കേണ്ടി വന്നു . യഹോശാഫാത്തിന്റെ നിർബന്ധത്താൽ യഹോവയുടെ പ്രവാചകനായ ഏലീയാവിന്റെ ശിഷ്യനായ എലീശയെ വിളിച്ചുവരുത്തി അരുളപ്പാട് ചോദിച്ചു . 


               എലീശാ യഹോശാഫാത്തിനെ ആദരിച്ചു കൊണ്ട് യഹോവയുടെ അരുളപ്പാട് പ്രസ്താവിച്ചു . "താഴ്‌വരയിൽ അനേകം കുഴികൾ ഉണ്ടാക്കുക " എന്നതായിരുന്നു അത്. അവർ അതനുസരിച്ച് അനേകം കുഴികൾ ഉണ്ടാക്കി അത്ഭുതകരമായ വിധത്തിൽ അവർക്ക് വെള്ളം ലഭിച്ചു തുടർന്ന് യിസ്രായേൽ രാജാവും യെഹൂദാരാജാവും ഏദോം രാജാവും ഒരു മിച്ചു സൈന്യങ്ങളുമായി പുറപ്പെട്ടു. മോവാബ്‌ രാജാവും സൈന്യങ്ങളും തോൽക്കാത്ത വിധം ദൈവം അത്ഭുതം പ്രവർത്തിച്ചു . മോവാബ് രാജാവ് നോക്കിയപ്പോൾ പ്രഭാത സൂര്യന്റെ കിരണങ്ങൾ താഴ്‌വരയിലെ വെള്ളത്തിൽ പതിച്ചതുമൂലം അവിടെയെല്ലാം രക്തം കെട്ടിനിൽക്കുന്നതായ് തോന്നി. അവൻ കൊള്ളക്കു പുറപ്പെട്ടു . അപ്പോൾ യിസ്രായേല്യരും യെഹൂദ്യരും ചേർന്ന് മൊവാബ്യ്രെ കഠിനമായി തോൽപ്പിച്ചു. എങ്കിലും അവരെ വിട്ട് യിസ്രായേലിലേക്ക് മടങ്ങി . 


ഗർഭനാശം വരുത്തിക്കൊണ്ടിരുന്ന ഉറവയിലെ ജലം എലീശാ ശുദ്ധികരിച്ചു 


          ഏലീയാവിന്റെ ശിഷ്യനായിരുന്ന എലീശ ശുശ്രുഷാതലങ്ങളിൽ പലപ്പോഴും തന്റെ ഗുരുവിൽ നിന്നും വ്യത്യസ്ഥനായിട്ടാണ് പ്രവർത്തിച്ചത്. ഏലിയാവ് പൊതു ജനങ്ങളിൽ നിന്ന് അകന്നാണ് ജീവിച്ചത്. എന്നാൽ എലീശാ ജനത്തിന്റെ ഇടയിൽ ജീവിച്ചു. അനാഥരേയും വിധവമാരെയും ദരിദ്രരേയും സംരക്ഷിച്ചു . 


                എലീശാ തന്റെ ശുശ്രുഷയുടെ ആരംഭകാലത്ത് യെരീഹോവിലാണ് പാർത്തുകൊണ്ടിരുന്നത് . അപ്പോൾ യെരിഹോവിലെ ഉറവയിലെ ജലം ഗർഭനാശത്തിന്  

കാരണമാകുന്നുവെന്ന് പട്ടണവാസികൾ പ്രവാചകനെ അറിയിച്ചു . പ്രവാചകൻ ആ വെള്ളത്തിൽ ഉപ്പിട്ട് ആ വെള്ളത്തെ ശുദ്ധികരിച്ചു . അങ്ങനെ യെരിഹോവിലെ ശാപം മാറുകയും ഗർഭനാശം അവസാനിക്കുകയും ചെയ്തു.


പ്രവാചക ശിഷ്യന്റെ ഭാര്യയുടെ കടം വീട്ടുവാൻ എലീശാ വഴിയൊരുക്കുന്നു . 


         പ്രവാചക ശിഷ്യന്മാരിൽ ഒരാൾ മരിച്ചു . അയാളുടെ ഭാര്യയും രണ്ടുമക്കളും കടക്കെണിമൂലം നിരാലംബരായി . കടക്കാർ അവളുടെ രണ്ടു മക്കളെയും അടിമകളായി പിടിച്ചു കൊണ്ടുപോകുവാൻ വന്നിരിക്കുന്നു. ഈ സങ്കടസ്ഥിതിയിൽ വിധവ എലീശായോട് സങ്കടം ഉണർത്തിച്ചു. അവരുടെ കടബാദ്ധ്യതയെപ്പറ്റി പ്രവാചകൻ അവരെ ശാസിക്കുകയോ അധിക്ഷപിക്കുകയോ ചെയ്തില്ല. 


             പ്രവാചകൻ വിധവയോട് " നിങ്ങളുടെ കൈയിൽ എന്തുണ്ട് " എന്ന് ആരാഞ്ഞു് . ഒരു ഭരണി എണ്ണ മാത്രമാണ് വീട്ടിൽ ഉള്ളത് " എന്ന് വിധവ പ്രവാചകനെ അറിയിച്ചു അയൽപക്കത്തു നിന്നും വെറും പാത്രങ്ങൾ വാങ്ങി , വിധവയും  

മക്കളും മുറിയ്ക്കകത്തു കയറി വാതിൽ അടച്ചശേഷം ഭരണിയിലെ എണ്ണ വെറും പാത്രങ്ങളിൽ പകരുവാൻ പ്രവാചകൻ പറഞ്ഞു . അവൾ അതനുസരിച്ചു .

അങ്ങനെ പാത്രങ്ങളിലെല്ലാം എണ്ണ നിറച്ചു . പിന്നെ പാത്രങ്ങൾ ഇല്ല എന്ന് വന്ന പ്പോൾ എണ്ണയും നിന്നുപോയി . എണ്ണ വിറ്റ് കടം വീട്ടുവാനും ശേഷിച്ച പണം കൊണ്ട് വിധവയും മക്കളും ഉപജീവനം കഴിക്കാനും എലീശാ പറഞ്ഞു . അങ്ങനെ അവർ കടക്കെണിയിൽ നിന്നും മോചനം നേടി, സമാധാനമായ് ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി. 


മക്കളില്ലാതിരുന്ന ശൂനേംകാര്യത്തിയ്ക്ക് എലീശായുടെ വാക്കനുസരിച്ചു ഒരു മകനെ ലഭിക്കുന്നു . 


       ശൂനേമിലെ രാജപാതയ്ക്ക് സമീപം ധനികയായൊരു സ്ത്രീയും അവളുടെ ഭർത്താവും താമസിച്ചിരുന്നു. പതിവായ് ആ വഴി കടന്നു പോകുന്ന എലീശ വിശുദ്ധനായ ഒരു ദൈവപുരുഷനാണെന്ന് മനസ്സിലാക്കിയ സ്ത്രീ അവളുടെ ഭർത്താവിനോട് പറഞ്ഞു , വീടിനോട് ചേർന്ന് പ്രവാചകന് താമസിക്കാൻ ഒരു മാളികമുറി ഉണ്ടാക്കി അതിൽ ഒരു കട്ടിൽ, മേശ, നാൽക്കാലി, നിലവിളക്ക് എന്നിവയും വെച്ചു . എലീശയും ഭ്രിത്യനായ ഗേഹസിയും. ആ വഴിക്ക് പോകുമ്പോൾ അവിടെ കയറി അവിടെ താമസിക്കുക പതിവായി . 


         ശൂന്യേകാരത്തി ചെയ്‌ത ഉപകാരത്തിനും സ്‌നേഹസൽക്കാരങ്ങൾക്കും ഒരു പ്രത്യുപകാരം ചെയ്യണമെന്ന് എലീശാ തീരുമാനിച്ചു. ഭ്രിത്യനായ ഗേഹസിയെ 

വിളിച്ചു എന്താണ് അവൾക്ക് വേണ്ടതെന്നു ചോദിക്കാൻ പറഞ്ഞു . 

അപ്പോൾ അവൾക്കു മക്കളില്ലാത്തതിനാൽ സന്താനഭാഗ്യം ആയിരിക്കും അവൾ ഏറ്റവുമധികം ആഗ്രഹിക്കുന്നതെന്ന് ഗേഹസി 

പറഞ്ഞു. "വരുന്ന ആണ്ടിൽ ഈ സമയത്ത് ഒരു മകൻ ഉണ്ടാകുമെന്നു "എലീശ അവളെ വിളിപ്പിച്ചു പറഞ്ഞു " (2 രാജാ4:16) അതനുസരിച്ച ഒരു വർഷത്തിന് ശേഷം അവൾ ഒരു മകനെ പ്രസവിച്ചു . ദൈവദാസന്മാരെ മാനിക്കുന്നവരെ ദൈവം മാനീക്കും എന്നും അവരെ ദൈവം അനുഗ്രഹിക്കുമെന്നും ഇതിൽ നിന്നും മനസിലാക്കാം . 


ശൂനേംകാരത്തിയുടെ മകനെ എലീശാ ഉയർപ്പിക്കുന്നു.


    കൊയ്ത്തുകാലത്ത്, കൊയ്ത്തുകാരോട് കൂടി വയലിൽ പോയ ബാലന് പെട്ടന്ന് ഒരു തലവേദന ഉണ്ടായി . വീട്ടിൽ കൊണ്ടുവന്നപ്പോൾ ബാലൻ മരിച്ചുപോയി. ശൂന്യേ കാര്യത്തി അവനെ കുളിപ്പിച്ചു പ്രവാചകന്റെ കട്ടിലിൽ കിടത്തിയശേഷം വേഗം കർമ്മേലിൽ പ്രവാചകന്റെ അടുക്കൽ പോയി സങ്കടം അറിയിച്ചു . പ്രവാചകൻ തന്റെ വടിയും കൊടുത്ത് അത് ബാലന്റെ മുഖത്ത് വെയ്ക്കാൻ തൻ്റെ ഭ്രിത്യനായ ഗേഹസിയെ പറഞ്ഞയച്ചു . വടി ബാലന്റെ മുഖത്ത് വെച്ചെങ്കിലും യാതൊരു അനക്കവും ഉണ്ടായില്ല . 


          എന്നാൽ സ്ത്രീയുടെ നിർബന്ധപ്രകരം എലീശാ ശൂനേമിൽ ചെന്നു. മുറിയിൽ കടന്ന് വാതിൽ അടച്ചു , യഹോവയോട് പാർത്ഥിച്ചു . എലീശാ ബാലന്റെ മേൽ കവിണ്ണുവീണ് കിടന്നു. ബാലന്റെ ദേഹത്തിനു ചൂട്പിടിച്ചപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണുതുറന്നു . അങ്ങനെ ബാലൻ ഉയിർത്തു . എലീശാ ശൂനേംകാരത്തിയെ വിളിച്ചു മകനെ ഏല്പിച്ചു 

കൊടുത്തു .