ദൈവകൃപ ലഭിച്ച നോഹ 2
കഴിഞ്ഞ ഭാഗത്ത് നോഹ ആരായിരുന്നു? എന്നതിന്റെ ഉത്തരമായി നീതിമാനും നിഷ്കളങ്കനും ദൈവത്തോട് കൂടെ നടന്നവനും അനുസരണ ഉള്ളവനും ആയ നോഹയെ കുറിച്ച് ചിന്തിച്ചു. തുടർന്ന് ദൈവീക ഉടുമ്പടിയിൽ ആശ്രയിച്ച് ഒരു പെട്ടകം ഉണ്ടാക്കുക, ജീവജാലങ്ങളെ അതിൽ കയറ്റുക, തുടങ്ങിയ ദൈവകല്പനകളിൽ വിശ്വസ്തത കാണിച്ച നോഹയെക്കുറിച്ച് മനസ്സിലാക്കി. ഇനി തുടർന്നുള്ള നോഹയുടെ ജീവിതത്തിലേക്ക് കടക്കാം.
3 ദൈവകല്പനക്കു വേണ്ടി കാത്തിരുന്ന നോഹ.
നോഹ ദൈവത്തോട് കൂടെ നടന്നു. ദൈവത്തിന് വേണ്ടി പ്രവർത്തിച്ചു. ദൈവീക പ്രവൃത്തി ക്രമീകരിക്കാൻ കാത്തിരുന്നു. രണ്ടാം മാസം 17 -)o തിയ്യതി മഴ ആരംഭിച്ചു. (ഉല്പത്തി 7:11) അതിനാൽ നോഹയും കുടുംബവും
ദൈവ നിർദ്ദേശം അനുസരിച്ച് പെട്ടകത്തിൽ കടന്ന് രണ്ടാം മാസം 10 -)0 തിയ്യതിയാണ്. (7:1) ജലപ്രളയത്തിന് മുൻപുള്ള ആഴ്ച മൃഗങ്ങളെ പെട്ടകത്തിൽ കയറ്റുന്നതിനുവേണ്ടി പ്രവർത്തിച്ചു.
ദൈവത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു. ദൈവത്തിന്റെ ഉടുമ്പടി വാഗ്ദത്തങ്ങൾ വിശ്വസിച്ചു
ഒന്നും ഭയപ്പെടാനില്ല എന്ന് തിരിച്ചറിഞ്ഞു. ആ ആഴ്ചയുടെ ഒരുക്കം തീർന്നപ്പോൾ നോഹയും കുടുംബവും ദൈവകല്പന അനുസരിച്ച് പെട്ടകത്തിൽ കയറി. ദൈവം വാതിൽ അടച്ച് സുരക്ഷിതമാക്കി. (7:16) എത്രനാൾ
പെട്ടകത്തിൽ ജീവിക്കണമെന്ന് അവർക്ക് അറിഞ്ഞുകൂടായിരുന്നു. എന്നാൽ ദൈവത്തിന് അത് അറിയാമായിരുന്നു.
ദൈവം ന്യായവിധി ആരംഭിച്ചു.
ദുഷ്ടലോകത്തിൻമേൽ ദൈവത്തിന്റെ ന്യായവിധി ആയിരുന്നു ജലപ്രളയം. ആകാശത്തിന്റെ പ്രളയവാതിലുകൾ ദൈവം തുറന്നു.
മഴ തകർത്ത് പെയ്തിറങ്ങി. ആഴിയുടെ ഉറവുകൾ പിളർന്നു. (7:11) അതിനാൽ ഏറ്റവും ഉയർന്ന പർവ്വതങ്ങൾ പോലും വെള്ളത്താൽ മൂടി. ദൈവം, ഒരു നൂറ്റാണ്ട് മുഴുവൻ പാപികൾ മാനസാന്തരപ്പെടാൻ കാത്തിരുന്നു.
ഇപ്പോൾ വളരെ താമസിച്ചുപോയി.
നാൽപ്പത് ദിവസം ശക്തിയായി മഴ പെയ്തു. മൂന്നാം മാസം 27 -)0 തീയ്യതി മഴ അവസാനിച്ചു. (7:12)
എന്നാൽ 110 ദിവസം കൂടി വെള്ളം ഉയർന്നു വന്നു. 150 ദിവസം കഴിഞ്ഞപ്പോൾ വെള്ളം അതിന്റെ പാരമ്യത്തിലെത്തി (7:24 ). ദൈവം അവരെ പെട്ടകത്തിലടച്ച ശേഷം അവർ ഒരു വർഷവും 10 ദിവസവും പെട്ടകത്തിൽ കഴിഞ്ഞു.
ന്യായവിധി സാർവ്വത്രികം ആയിരുന്നു.
ദൈവവചനത്തെ ആധുനീക ശാസ്ത്രവുമായി പൊരുത്താൻ ശ്രമിക്കുന്നവർ ഇത് ഒരു സാർവ്വത്രിക ജലപ്രളയമല്ല എന്നും ഒരു ഭാഗത്തു മാത്രം ഉണ്ടായത് ആണെന്നും ചിന്തിക്കുന്നു. അവർ പറയുന്നത് ഉല്പത്തിയുടെ ഗ്രന്ഥകർത്താവ് ഭാഷയുടെ ഒരു
രൂപം മാത്രം ഉപയോഗിച്ച് താൻ കണ്ടകാര്യം എഴുതി എന്നാണ്. എന്നാൽ ഈ ഭാഗത്തിന്റെ വ്യക്തമായ ഭാഷ പറയുന്നത് ദൈവം സാർവ്വത്രികമായ ഒരു ന്യായവിധി കൊണ്ട് വന്നു എന്ന് തന്നെയാണ്. ദൈവം പറഞ്ഞത്
"ഭൂമുഖത്ത് നിന്ന് മനുഷ്യനെയും
മൃഗങ്ങളെയും നശിപ്പിക്കും"
എന്ന് തന്നെയാണ്.( 7:4, 21-22,
8:21) ഉല്പത്തി 6 മുതൽ 9 വരെ
അദ്ധ്യായങ്ങൾ ആദ്യമായി വായിക്കുന്ന ഒരാൾ മനസ്സിലാക്കുന്നത് ജലപ്രളയം സാർവ്വത്രികമായിരുന്നു എന്ന് തന്നെയാണ്.
യേശുവും പത്രോസും ലോകം മുഴുവൻ ഉൾകൊള്ളുന്ന
ഭാവി സംബന്ധിച്ച് വിശദീകരിക്കുവാൻ ജലപ്രളയത്തെ ഉപയോഗിച്ചു.
ക്രിസ്തുവിന്റെ മടങ്ങി വരവ്
(മത്തായി 24:37- 39, ലൂക്കോസ് 17:26-27) സാർവ്വത്രികമായ തീ
കൊണ്ടുള്ള ന്യായവിധി (2പത്രോസ് 3:3-7) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജലപ്രളയം പ്രാദേശികമാണെങ്കിൽ ഈ
സമാനതകൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അന്നുള്ള ലോകം ജലപ്രാളത്തിൽ മുങ്ങി നശിച്ചു എന്ന് പത്രോസ് എഴുതിയത് ഒരു പരിമിത സ്ഥലത്തേക്കാളും
വിസ്‌കൃതമായ ഭൂപ്രദേശം ആകുന്നുവെന്ന് വ്യക്തം.
നോഹയുടെകുടുംബം ക്ഷമ
ഉള്ളതായിരുന്നു.
പുറമെ നാശനഷ്‌ടങ്ങൾ ഉണ്ടായിരുന്നെങ്കിലും പെട്ടകത്തിന്റെ അകത്ത് നോഹയുടെ കുടുംബവും മൃഗങ്ങളും സുരക്ഷിതർ ആയിരുന്നു. പെട്ടകം എന്തു മാത്രം കീഴ്മേൽ മറിഞ്ഞാലും ദൈവസംരക്ഷണയാൽ അവർ ഭദ്രമായിരുന്നു. ദൈവം തന്റെ ജോലി പൂർത്തിയാക്കുന്നതിനും
അവരെ ഭൂമിയിൽ തിരികെ കൊണ്ടുവരുന്നതിനും അവർ ക്ഷമയോടെ കാത്തിരുന്നു. അവർക്ക് ദിനംപ്രതിയുള്ള
ജോലി ഉണ്ടായിരുന്നെങ്കിലും ഒരു വർഷവും 10 ദിവസവും വളരെ ദീർഘമായ ഒരു കാലം
ആയിരുന്നു. നോഹ ദൈവത്തെ
കാത്തിരിക്കാൻ ഒരുക്കമായിരുന്നു.
4. ദൈവം തന്റെ സ്വന്തമായ നോഹയെയും കുടുംബത്തേയും ഓർത്തു.
മറന്നു പോയ ഏതെങ്കിലും
ഒന്നിനെ കുറിച്ചല്ല ഉല്പത്തി 8:1ൽ
"ഓർക്കുക "എന്ന പദം കൊണ്ട്
ഉദ്ദേശിക്കുന്നത്. ദൈവത്തിന് ഒന്നും മറക്കാൻ കഴിയുകയില്ല.
'ഇവിടെ ഓർക്കുക'എന്നതിന്റെ അർത്ഥം സൂചിപ്പിക്കുന്നത്
"ദൈവം നൽകിയ പഴയ ഉടമ്പടിയെയും ആ ഉടമ്പടിയുടെ പൂർത്തികരണത്തെ അറിയുന്നതിനേയും ആണ്. നോഹയും കുടുംബവും ജീവജാലങ്ങളും ഒരു വർഷത്തിലധികം പെട്ടകത്തിനു
ഉള്ളിൽ ഒന്നിച്ചായിരുന്നു. അവർ
എല്ലാവരും സൗഹൃദത്തിൽ ആയിരുന്നു. അവർ എപ്പോഴെങ്കിലും തമ്മിലോ മൃഗങ്ങളുമായോ അക്ഷമയായി പെരുമാറിയതായി കാണുന്നില്ല. പെട്ടകത്തിൽ അവരെ അടച്ചതിന് ശേഷം ദൈവം അവരുമായി സംസാരിച്ചതായി രേഖകൾ ഇല്ല. അതിനാൽ ഒരാൾ എങ്കിലും ഇടയ്ക്കൊക്കെ ദൈവം അവരെ കരുതുന്നില്ല എന്ന ക്ഷണികമായ ഭയം തോന്നിയിട്ടുണ്ടാകാം.
ദൈവം നോഹയെയും കുടുംബത്തേയും മാത്രമല്ല പെട്ടകത്തിൽ ഉണ്ടായിരുന്ന ജന്തുക്കളെയും ഓർത്തു. ഈ ജന്തുക്കളെ നാശത്തിൽ നിന്ന് ഒഴിവാക്കിയത്. പുതുക്കപ്പെട്ട ഭൂമിയിൽ വസിക്കുന്നതിനും വംശം നിലനിർത്തുന്നതിനും വേണ്ടിയാണ്. അവന്റെ സൃഷ്‌ടികൾ ഭൂമിയെ ആസ്വദിക്കണം താൻ സ്വന്ത
സാദൃശ്യത്തിൽ നിർമ്മിച്ച ആളുകളുടെ സന്തോഷത്തിന് മുതൽ കൂട്ടാകണമെന്നും ഉള്ള ആഗ്രഹം ദൈവത്തിന് ഉണ്ടായിരുന്നു. നോഹയുമായുള്ള ദൈവത്തിന്റെ ഉടമ്പടിയിൽ മൃഗങ്ങളും ഉൾപ്പെട്ടിരുന്നു. അവന്റെ വാഗ്‌ദത്തങ്ങൾ മൂലം മാത്രമല്ല അവന്റെ സ്വഭാവം അങ്ങനെ
ആയതു മൂലം ദൈവം തന്റെ ജനത്തെ മറക്കുകയില്ല ഉപേക്ഷിക്കുകയില്ല എന്ന് നമുക്ക് ഉറപ്പിക്കാം.
5. ദൈവം തന്റെ ലോകത്തെ പുതുക്കി.
150 ദിവസത്തിനുള്ളിൽ വെള്ളം അതിന്റെ പാരമ്യത്തിൽ എത്തി. തുടർന്ന് മഴയും ഭൂമിയിലെ
അടിയിൽ നിന്നുള്ള ജലപ്രവാഹവും നിന്നു. (8:2) അടുത്ത 5 മാസം വെള്ളം ഇറങ്ങി. ഉണങ്ങിയ നിലം കാണുവാൻ ദൈവം ഇടയാക്കി. ജലപ്രളയം എങ്ങോട്ട് പോയി എന്നത് ഒരു ചോദ്യമാണ്. ഒരു പക്ഷെ പ്രളയം നിലത്തിന്റെ വിടവുകളെ മാറ്റി മറിക്കുകയും ഭൂമിയുടെ മുകൾപ്പരപ്പിലും ഭൂമിക്കടിയിലും വെള്ളം നിറയുന്നതിന് പുതിയ പ്രദേശങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തിരിക്കാം.
ഭൂമിക്കടിയിൽ നിന്നുള്ള ജലപ്രവാഹങ്ങൾ ഉണ്ടായത് കൊണ്ട് ഭൂഖണ്ഡങ്ങൾ മുഴുവനോടെയും പർവ്വത സൃoഗങ്ങളും ഉയർന്നു താണിരിക്കാം.അത് ജലം നിറയ്ക്ക
തക്കത്തക്കവണ്ണമുള്ള വലിയ ഗർത്തങ്ങളായി തീർന്നിരിക്കാം. ദൈവം അയച്ച കാറ്റുകൾ വെള്ളം നീരാവിയായിത്തീരാനും അതിന് ദൈവം നിശ്ചയിച്ച സ്ഥാനങ്ങളിലേക്ക് പോകാനും സഹായിച്ചിരിക്കാം. ഭൂമിയെ വെള്ളം കൊണ്ട് നിറയ്ക്കത്തക്ക വിധം ബുദ്ധിയുള്ള ദൈവത്തിന് അത് എങ്ങോട്ട് തിരിച്ചുവിടാനും അറിയാം
7--)o മാസം 17-)o തിയ്യതി ഇന്നത്തെ ടർക്കിയിലുള്ള അരരാത്തു പർവ്വതത്തിന്റെ കൊടുമുടിയിൽ പെട്ടകം ഉറച്ചു. അത് ഏത് കൊടുമുടിയാണ് എന്ന് നമുക്ക് അറിയില്ല. പിന്നീടുള്ള വർഷങ്ങളിൽ 7 -)o മാസം യഹൂദന്മാർക്കു വളരെ പ്രത്യേകത ഉള്ളതായിരുന്നു. ആ മാസത്തിൽ
ആണ് അവർ കാഹളങ്ങളുടെ പെരുന്നാളോടുകൂടി പുതുവർഷത്തെ എതിരെറ്റതും പാപപരിഹാര ദിവസവും കൂടാര പെരുന്നാളും ആഘോഷിച്ചതും. (ലേവ്യ 23:23-44) എബ്രായ മൂലഭാഷയിൽ പറയുന്നത് "പെട്ടകം
അരരാത്ത പർവ്വതത്തിൽ വിശ്രമിച്ചു" എന്നാണ്. പെട്ടകം സുരക്ഷിതമായി വിശ്രമിച്ചു എങ്കിലും എന്ത് ചെയ്യണമെന്ന കല്പനക്കായി നോഹ കാത്തിരുന്നു. 40 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഒരു മലങ്കാക്കയെ അയച്ചു. ചത്തു വീണ മാംസം തിന്നുന്ന ശുദ്ധിയില്ലാത്ത പറവ ആയതിനാൽ (ലേവ്യ 11:13--14) വെള്ളത്തിൽ ഒഴുകി നടക്കുന്ന ശവം അതിന് നല്ല ഭക്ഷണമായിരുന്നിരിക്കാം.
നോഹ ഒരാഴ്ച കൂടി കാത്തിരുന്ന ശേഷം ഒരു പ്രാവിനെ വിട്ടു. അത് ശുദ്ധിയുള്ള പക്ഷിയായതിനാൽ അത് ഇരിക്കാൻ ഇടം കണ്ടില്ല. അതിനാൽ അത് പെട്ടകത്തിലേക്ക് തിരിച്ചു വന്നു. (8:8 -9)ഒരാഴ്ച കഴിഞ്ഞു വീണ്ടും നോഹ ഒരു പ്രാവിനെ വിട്ടു. അത് തിരികെ വന്നപ്പോൾ ഒരു പച്ച ഒലിവിലയും ആയാണ് വന്നത്. ചെടികൾ വളരാൻ തുടങ്ങിയെന്നും നോഹ അറിഞ്ഞു. (8:10 - 11) "ഒലിവില ഏന്തിയ പ്രാവ് ".ലോകം മുഴുവൻ സാമാധാനത്തിന്റെ പ്രതീകമായിട്ട് ആണ് അറിയപ്പെടുന്നത്. ഒരാഴ്ച കഴിഞ്ഞു, വീണ്ടും പ്രാവിനെ അയച്ചപ്പോൾ അത് തിരികെ വന്നില്ല. നിലം ഉണങ്ങിയിരുന്നു എന്ന് നോഹ അറിഞ്ഞു.
നോഹ പെട്ടകത്തിന്റെ മേൽത്തട്ടിൽ ഉണ്ടായിരുന്ന
കിളിവാതിൽ തുറന്നു. തന്റെ ചുറ്റും
ഉള്ള ലോകത്തെ നിരീക്ഷിച്ചു. അത് അവർ പെട്ടകത്തിൽ കയറി ഒരു വർഷം തികഞ്ഞ ദിവസമായിരുന്നു.
നിലം ഉണങ്ങിയതായി കണ്ടെങ്കിലും
ദൈവം പറയാതെ ഒരു നീക്കവും നോഹ നടത്തിയില്ല. 26 ദിവസം കഴിഞ്ഞപ്പോൾ ദൈവത്തിന്റെ നിർദ്ദേശം വന്നു. നോഹ അത് അനുസരിച്ചു. (8:15 മുതൽ)
നോഹ ഒരു വിശ്വാസമുള്ള മനുഷ്യൻ ആയിരുന്നതിനാൽ അവന്റെ പേര് വിശ്വാസ വീരന്മാരുടെ പട്ടികയിൽ എഴുതിച്ചേർത്തു. (എബ്രായർ 11:7)
ലോകമനുഷ്യൻ ദൈവത്തെ അവഗണിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്തപ്പോൾ നോഹക്ക് ദൈവത്തോടു കൂടെ നടക്കാനുള്ള വിശ്വാസമുണ്ടായിരുന്നു. ജലപ്രളയം
കഴിഞ്ഞിട്ടും പെട്ടകത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ദൈവത്തിന്
വേണ്ടി കാത്തിരിക്കാനുള്ള വിശ്വാസം നോഹ പ്രാവർത്തികമാക്കി.
Rev.M.റോബിൻസൺ B.D.M.Min


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ