-->

വിശ്വാസികളുടെ പിതാവായ അബ്രഹാം 3

 


      കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ

അബ്രഹാം ആരായിരുന്നു, അബ്രഹാമിന് വേദപുസ്തകത്തിൽ

നൽകിയിരിക്കുന്ന പേരുകൾ, അബ്രഹാമിന്റെ ദൈവവിളി, അബ്രഹാമും ലോത്തും തമ്മിലുള്ള ബന്ധം,അബ്രഹാമിന്റെ കുടുംബം, അബ്രഹാമിന്റെ ലോത്തിനുവേണ്ടി

ഉള്ള മദ്ധ്യസ്ഥപ്രാർത്ഥന, അബ്രഹാമിന്റെ വിശ്വാസത്തിന്റെ പരിശോധന എന്നിവയെ കുറിച്ച് ആണ് ചിന്തിച്ചത്. അബ്രഹാമും

മൽക്കിസേദെക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, മൽക്കിസേദെക്ക്‌ എന്ന പേരിൽ മുൻപ് പ്രസിദ്ധികരിച്ചതിനാൽ അത് ഇവിടെ ആവർത്തിക്കുന്നില്ല. ഇനി തുടർന്നുള്ള അബ്രഹാമിന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കാം.

8. അബ്രഹാമിന്റെ ജിവിതത്തിലെ പരാജയങ്ങൾ.

       വേദപുസ്തകത്തിലെ വ്യക്തികളുടെ ജീവിതം പരിശോധിച്ചാൽ അവരുടെ നേട്ടങ്ങളും വിജയങ്ങളും മാത്രമല്ല പരാജയങ്ങളും രേഖപ്പെടുത്തി ഇരിക്കുന്നത് കാണാം. ധാരാളം ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാൻ സാധിക്കും. അബ്രഹാമിന്റെ ജിവിതത്തിലും ചില പരാജയങ്ങളും സംഭവിച്ചു.

1. ദൈവം തന്നെ കാണിപ്പാൻ ഇരിക്കുന്ന ദേശം എല്ലാം കൊണ്ടും അനുഗ്രഹീതവും അനുയോജ്യവും ആണ് എന്ന ധാരണയാണ് അബ്രഹാമിനുണ്ടായിരുന്നത്.പഷേ കാര്യം നേരെ മറിച്ചായിരുന്നു. വെള്ളമില്ലാതെ ഉണങ്ങിവരണ്ട ഭൂപ്രദേശവും ഫലവത്തല്ലാത്ത ഭൂപ്രകൃതിയും കണ്ട് അബ്രഹാം ഒന്ന് ഞെട്ടിക്കാണും. നാളിതു വരെ അബ്രഹാമിന് എല്ലാം സുലഭമായിരുന്നു. എന്നാൽ ദൗർലഭ്യവും ആവശ്യങ്ങൾ നടക്കാത്ത അവസ്ഥയും വന്നപ്പോൾ അബ്രഹാം വിഷമിച്ചു. വിശപ്പു രൂക്ഷമായപ്പോൾ വിശ്വാസം

നഷ്ടപ്പെടുകയും വ്യതിചലനം ആരംഭിക്കുകയും ചെയ്തു. ഈ ഷാമത്തിൽ നിന്ന് രക്ഷപ്പെടുവാൻ സ്വന്തം പദ്ധതി ഉണ്ടാക്കി. അതിനായി വാഗ്ദത്ത നാട്ടിൽ നിന്ന് മിസ്രയീമിലേക്ക് ഇറങ്ങിപ്പോയി.

       മിസ്രയീമിൽ ചെന്ന്കഴിഞ്ഞു അപ്പോൾ മനഃസാക്ഷിയെ വഞ്ചിച്ച് കാര്യം നേടാനുള്ള പദ്ധതി ആവിഷ്ക്കരിച്ചു. ഭാര്യയായ സാറായെ സഹോദരിയാണ് എന്ന് മിസ്രയേമ്യരോട് പറയുവാൻ പ്രേരിപ്പിച്ചു. തന്റെയും സാറായുടേയുംജീവൻ രക്ഷിക്കാൻ അബ്രഹാം ഉണ്ടാക്കിയ പ്ലാൻ വിപരീത ഫലമാണ് ഉളവാക്കിയത്. അബ്രഹാം പരാജിതനായി. മിസ്രയീമിൽ അബ്രഹാം കഴിച്ചു

കൂട്ടിയ കാലം ഹൃദയവേദനയുടെയും ഭീതിയുടെതുമായിരുന്നു. ആശങ്കയും അസ്വസ്ഥതയുo മാത്രമല്ല ഫറാവോന്റെ ശാസനയും അബ്രഹാമിന് ഏൽക്കേണ്ടി വന്നു. തന്റെ ദാസീദസന്മാരുടെ മുൻപിൽ അബ്രഹാം ലജ്ജിച്ച് തലതാഴ്ത്തി കാണും. ദൈവത്തിന്റെ വിശുദ്ധിയെ കുറിച്ചുള്ള പാഠം

ഫറവോനിൽ നിന്നാണ് അബ്രഹാമിന് ലഭിച്ചത്. സാറാ ഫറവോന്റെ ഭാര്യയായിതീരാൻ ഇടയായെങ്കിൽ വാഗ്ദത്ത സന്തതിയും തുടർന്നുള്ള വംശവും മലിനമാകുമായിരുന്നു. അത് സംഭവിക്കാൻ പാടില്ല. അതിനാൽ ഫറവോനെ അതിൽ നിന്ന് തടഞ്ഞു. ഒടുവിൽ രാജാകീയ കാവലോട്കൂടി അബ്രഹാം കനാനിലേക്ക് യാത്ര തിരിച്ചു. ആ സമയത്ത് തീർച്ചയായി ലജ്ജയും കുറ്റബോധവും ആത്മനിന്ദയും അബ്രഹാമിന് ഉണ്ടായി കാണും. അബ്രഹാമിന്റെ അവിശ്വാസവും പരാജയവും കാരണം ദണ്ഡനത്തിന് വിധേയനാകേണ്ടി വന്നത് ഫറവോനും ഭവനവും ആയിരുന്നു.

2. ഗരാരിൽ പരദേശിയായി പാർത്തപ്പോൾ അബീമേലെക്ക് രാജാവിന്റെ അടുക്കലും അബ്രഹാം

പഴയ സൂത്രം തന്നെ പ്രയോഗിച്ചു. അബീമേലേക്ക് രാജാവിന്റെ കൊട്ടാരത്തിലേക്ക് സാറാ ആനയ്ക്കപ്പെട്ടതും ദൈവം രാജാവിനോടിടപെട്ട് അവളെ തിരിച്ചേപ്പിച്ചതുമായ സംഭവം 20-)0അദ്ധ്യായത്തിൽ കാണാം. ഇവിടെ അബ്രഹാമിന്റെ വില വളരെ താണു പോയ്‌ 

 എന്ന് കരുതുന്നതിൽ

തെറ്റില്ല. ഒരു തവണ ചെയ്ത തെറ്റ് വീണ്ടും ആവർത്തിക്കുന്നത് ക്ഷന്തവ്യമല്ല. ദൈവം തങ്ങളെ രക്ഷിക്കുകുവാനോ സൂക്ഷിക്കുവാനോ പോരാ എന്ന് തോന്നിട്ടാണ് അബ്രഹാമും സാറായും സുരക്ഷിതത്വത്തിന്

വേണ്ടി സ്വന്തം പദ്ധതികൾ തയ്യാറാക്കിയത്

        അബീമെലേക്കിന്റെ ജനങ്ങൾക്ക് ദൈവഭയം ഇല്ല എന്ന് അബ്രഹാം മനസ്സിലാക്കി. എന്നാൽ ദൈവഭയമുള്ള അബ്രഹാമിനേക്കാൾ നന്നായി പെരുമാറിയതും പ്രവർത്തിച്ചതും അവർ തന്നെ ആയിരുന്നു. അബീമേലെക്ക് സാറായെ കൊണ്ട് പോയത് അവൾ അബ്രഹാമിന്റെ ഭാര്യയാണെന്ന് അറിഞ്ഞുകൊണ്ടല്ല. "നീ ഹൃദയ

പരമാർത്ഥതയോടെ ചെയ്തിരിക്കുന്നു"എന്നാണ് ദൈവം അബിമേലെക്കിനോട് പറയുന്നത്.20:7 ൽ അബ്രഹാമിനെ പ്രവാചകനെന്ന് പറഞ്ഞിരിക്കുന്നു. പ്രവാചകനെന്ന സംജ്ഞ ആദ്യമായി വേദപുസ്തത്തിൽ ഉപയോഗിച്ചിരുന്നത് ഇവിടെയാണ്. പ്രവാചകന്റെ ജോലി പക്ഷവാദ പ്രാർത്ഥയാണെന്ന് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു.

3. അബ്രഹാമിന്റെ ഭാര്യ സാറായുടെ ആലോചന പ്രകാരം മിസ്രയീമ്യദാസിയായ ഹാഗാറിനെ ഭാര്യയായി അബ്രഹാം സ്വീകരിച്ചത് മറ്റൊരു പരാജയം ആയിരുന്നു.

16-)o അദ്ധ്യായത്തിലാണ് ഈ സംഭവം രേഖപ്പെടുത്തി ഇരിക്കുന്നത്. സാറാ ദാസിയെ അബ്രഹാമിന് നൽകിയത് അന്ന് നടപ്പുണ്ടായിരുന്നതുo അംഗീകരിക്കപ്പെട്ടതുമായ നടപടിയായിരുന്നു. എന്നാൽ അത് അബ്രഹാമിന് ലഭിച്ചിരുന്ന ദൈവീക

വാഗ്ദത്തത്തിന് കടകവിരുദ്ധം ആയിരുന്നു. വേറൊരു വിധത്തിൽ പറഞ്ഞാൽ അന്നത്തെ സമ്പ്രദായം

അനുസരിച്ച് ദാസിയെ പരിഗ്രഹിക്കുന്നത് 

 പ്രത്യക്ഷത്തിൽ ദൈവത്തെ അവിശ്വസിക്കുന്നതിനും നിരക്ഷിക്കുന്നതിനും തുല്യമാണ്. ഹാഗരിൽ നിന്നും ഉത്ഭവിക്കുന്നത് ഒരു യിശ്മായേലല്ലാതെ ഒരു യിസഹാക്കാകുന്നതല്ല എന്ന് ചിന്തിക്കാൻ അബ്രഹാമിന് കഴിഞ്ഞില്ല തൻമൂലം എന്നും യഹൂദ ജാതിയോട് മത്സരിക്കുന്ന ഒരു ശത്രുജാതി ജനിക്കുവാൻ ഇടയായി. യഹൂദന് ഇന്നും യിശമായേല്യർ ഒരു തലവേദനയായി നില കൊള്ളുന്നു.

9. അബ്രഹാമിന്റെ അതിഥി സൽക്കാരം

        അബ്രഹാം മമ്രേയുടെ തോപ്പിൽ കൂടാരം അടിച്ച് താമസിക്കുമ്പോൾ തന്റെ അടുക്കൽ വന്ന 3 പുരുഷന്മാരെ വിനയത്തോടെ സൽക്കരിക്കുന്ന ചിത്രം 18 -)o അദ്ധ്യായതിൽ രേഖപ്പെടുത്തിയിരിക്കുന്നു. അബ്രഹാം അതിഥികളോട് പറയുന്നത് 'ഒരു മുറി അപ്പം കൊണ്ട് വരാം'എന്നാണ്. എന്നാൽ മൂന്നിടങ്ങഴി മാവിന്റെ അപ്പവും പാകം ചെയ്‌ത ഒരു കാളക്കുട്ടിയുടെ

മാംസവും വെണ്ണയും പാലും ആയിരുന്നു വിളമ്പിയത്. മൃഷ്ടാന്ന

ഭോജനമായിരുന്നെങ്കിലും 'ഒരു മുറി

അപ്പം' എന്ന് മാത്രമേ അബ്രഹാം അവകാശപ്പെടുന്നുള്ളു. അവനവൻ ചെയ്തതുo കൊടുത്തതും വലുതായി കാണുകയും പർവ്വതീകരിച്ച് പ്രസ്താവിക്കുകയും ചെയ്യുന്ന ഇന്നത്തെ ആത്മീയരോഗം അബ്രഹാമിന് ഇല്ലായിരുന്നു.

         വൃക്ഷതണലിലാണ് ആ വിശിഷ്‌ടഅഥിതികൾക്ക് അബ്രഹാം മേശയൊരുക്കിയത്. കൂടാരവാസികൾക്ക് അതിനെ സാധിക്കുമായിരുന്നുള്ളു. ആതിഥെയനായ എബ്രഹാം "ശുശ്രുഷിച്ചു നിന്നു " ഈ രണ്ടു വാക്കുകൾ വരച്ചു കാട്ടിയിരിക്കുന്നത് അബ്രഹാമിന്റെ ശരിയായ സ്വഭാവമാണ്. വിശ്വാസികൾ ഇതുപോലെ ആയിരിക്കണം. കാരണം അവർ ശിശ്രുഷ ചെയ്യാൻ വന്ന യേശുവിന്റെ അനുയായികളാണ്. ഇങ്ങനെ ശിശ്രുഷിച്ചു നിൽക്കാൻ അബ്രഹാമിന് കഴിഞ്ഞത് അപ്പം ഉണ്ടാക്കാൻ സന്മനസ്സുള്ള സാറായും കാളകൂട്ടിയെ പാകം ചെയ്യാൻ സന്നദ്ധതയുള്ള ബാല്യക്കാരനും പിന്നിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. എന്നാൽ അവർ അതിഥികളുടെ ദൃഷ്ടിപഥത്തിൽ വരുന്നില്ല.

        'യജമാനനേ' എന്നാണ് അബ്രഹാം അതിഥിയെ സംബോധന ചെയ്‌യുന്നത്. താൻ ദാസനാണെന്നും ദാസോചിതമായി ശുശ്രുഷിച്ച് നിൽക്കാൻ സന്നദ്ധനാണെന്നുമാണ് ഇതിനർത്ഥo. ഇന്ന് ശുശ്രുഷിക്കുന്ന ദാസനാകാനല്ല യജമാനാനാകാനാണ് എല്ലാവർക്കും താൽപ്പര്യം. അബ്രഹാമിന് അതില്ലായിരുന്നു. അതിഥികളിൽ ഒരാൾ യഹോവ ആയിരുന്നുവെന്ന് മനസ്സിലാക്കാൻ വിഷമമില്ല. യഹോവ മനുഷ്യ രുപത്തിൽ ഇറങ്ങി വന്നത് ഇതാദ്യമാണ്. യഹോവയാൽ കഴിയാത്ത യാതൊന്നുമില്ല. എന്ന പ്രസ്താവനയോടുക്കുടെയാണ് അതിഥി ആതിഥേയനെ സമീപിക്കുന്നത്, അത് അബ്രഹാമിനെയും സാറായെയും ഉറപ്പും ധൈര്യവും ഉള്ളവരാക്കിതീർത്തു.

10. അബ്രഹാമിന്റെ ആരാധന

         അബ്രഹാം ദൈവത്തെ ആരാധിക്കുന്നതിൽ വളരെ ഉത്സാഹം കാണിച്ച വ്യക്തി ആയിരുന്നു. തന്റെ കനാലിലേക്ക് ഉള്ള പ്രയാണത്തിൽ താൻ ചെന്ന് പാർത്ത എല്ലായിടത്തും യാഗപീഠം പണിത് യാഗം കഴിച്ച് ദൈവത്തെ ആരാധിച്ചു. അബ്രഹാമിന് ദൈവ വിളി ഉണ്ടായപ്പോൾ ശേഖേo എന്ന സ്ഥലത്തു വെച്ചാണ് ദൈവീക വാഗ്ദത്തം ലഭിച്ചത്. അവിടെ ഒരു യാഗപീഠം പണിത് ആരാധന നടത്തി. തുടർന്ന് ബെഥേലിൽ എത്തി കൂടാരം അടിച്ചപ്പോൾ അവിടെയും യാഗപീഠം പണിത് ആരാധന നടത്തി. ബെഥേലിനും ഹായിക്കും മദ്ധേവെച്ച് യഹോവയെ ആരാധിച്ചു. ഹെബ്രോനിൽ മമ്രേയുടെതോപ്പിൽ

വന്നു താമസിച്ചപ്പോൾ അവിടെയും യാഗാപീഠം പണിത് യഹോവയെ ആരാധിച്ചു. ബെർശേബയിൽ ഒരു പിചുലവൃക്ഷം നാടുകയും നിത്യനായ യഹോവയുടെ നാമത്തിൽ അവിടെ വെച്ച് ആരാധന കഴിച്ചു. മൊരിയ

മലയിൽ ഒരു യാഗപീഠം പണിത് അവിടെ മകനായ യിസ്‌ഹാക്കിനു പകരം ആട്ടിൻകുട്ടിയെ ഹോമയാഗം കഴിച്ചു.

       അബ്രഹാം ജീവിച്ചിരുന്ന കാല ഘട്ടത്തിൽ ആരാധനയിൽ പ്രധാനം

യാഗാർപ്പണമായിരുന്നു. അത് അബ്രഹാം ചെന്ന് പാർത്ത സ്ഥലങ്ങളിൽ കൃത്യമായി ചെയ്തു പൊന്നു എന്നത് അബ്രഹാമിന്റെ ആരാധനയോടുള്ള വിശ്വസ്തതയെ കാണിക്കുന്നു.

Rev. M. Robinson. BD. M min