-->

വിശ്വാസികളുടെപിതാവായ അബ്രഹാം 4.


        കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലായി

അബ്രഹാമിനെ കുറിച്ച് ചിന്തിക്കുകയായിരുന്നല്ലോ. കഴിഞ്ഞ ഭാഗത്തിൽ അബ്രഹാമിന്റെ ജീവിതത്തിലെ പരാജയങ്ങൾ, അബ്രഹാമിന്റെ അതിഥി സൽക്കാരം, അബ്രഹാമിന്റെ ആരാധന എന്നിവയെക്കുറിച്ചാണ് മനസ്സിൽ ആക്കാൻ ശ്രമിച്ചത്. ഇനി അബ്രഹാമിന്റെ ജീവിതത്തിലെ അവസാന സംഭവങ്ങൾ പരിശോധിക്കാം.

11. വാഗ്ദത്ത സന്തതിയായ യിസ്‌ഹാക്കിനെക്കുറിച്ചുള്ള അബ്രഹാമിന്റെ കരുതൽ.

         വാഗ്ദത്ത സന്തതിയായ യിസ്‌ഹാക്കിനെ തന്റെ വിശ്വാസത്തിന് അനുയോജ്യമായ വിധത്തിൽ വളർത്തിയെടുക്കണം എന്ന് അബ്രഹാമിന് ആഗ്രഹം ഉണ്ടായിരുന്നു. മകന്റെ വിവാഹം ദൈവഹിത പ്രകാരം നടത്തി ഭാവി സുരക്ഷിതമാക്കാൻ അബ്രഹാം ആഗ്രഹിച്ചു. യിസ്‌ഹാക്കിന്റെ വധുവായി വരേണ്ട സ്ത്രീയുടെ വംശത്തെ പറ്റി വളരെ നിഷ്കർഷകാണിച്ചു.ഉല്പത്തി 24 -) അധ്യായത്തിലാണ് അതിന്റെ വിശദാoശങ്ങൾ കാണുന്നത്. അവൾ അന്യജാതിക്കാരി ആയിരിക്കുവാൻ പാടില്ല. കാരണം അബ്രഹാമിന് ലഭിച്ച വാഗ്ദാനങ്ങൾ നിവൃത്തിക്കേണ്ടത് യിസ്‌ഹാക്കിലൂയുടെയാണ്. അതിനാൽ യിസ്‌ഹാക്കിന്റെ ഭാര്യ ഏറ്റവും പ്രധാന ഘടകമാണ്.

         യിസ്‌ഹാക്കിന് ഭാര്യയെ കണ്ടു

പിടിക്കാനുള്ള ചുമതല തന്റെ വിശ്വസ്തദാസനായ എലിയാസറിനെ ഏല്പിച്ചു. ഇവിടെ ദാസൻ യജമാനനോട് ഒരു ഉടമ്പടി ചെയ്‌യുന്നു.അതിന് ശേഷമാണ് ദൗത്യവുമായി അയക്കുന്നത്. ഉടമ്പടിയും ദൗത്യയും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

ഉടമ്പടിക്ക് പ്രധാനമായി 3 വശങ്ങൾ

ഉണ്ട്.

(1) കനാന്യരിൽ നിന്ന് യിസ്‌ഹാക്കിന് ഭാര്യയെ എടുക്കരുത്.

 (2) അബ്രഹാമിന്റെ പിതൃനഗരത്തിൽ നിന്നെ ആകാവൂ.

(3) യിസ്‌ഹാക്കിനെ കനാനിൽ നിന്ന് പുറത്തേക്ക് കൊണ്ട് പോകാൻ പാടില്ല. തുടയിൻ കീഴിൽ കൈവച്ചാണ് ഉടമ്പടി ചെയ്തിച്ചത്. ഉൽപ്പാദനാവയവം സ്ഥിതിചെയ്യുന്ന

ഈ ഭാഗത്ത് തൊട്ടുകൊണ്ടുള്ള ഉടമ്പടി നിറവേറ്റുന്നതിൽ ബന്ധപ്പെട്ട വ്യക്തികൾ മാത്രമല്ല അവരുടെ സന്താനങ്ങൾക്ക് പോലും കടപ്പാടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഉടമ്പടിക്ക്

വിഘനം വരുത്തിയാൽ സന്താനങ്ങൾവരെയും കുറ്റക്കാർ ആയിത്തീരും. ഇത് മനസ്സിലാക്കിയ ദാസൻ വളരെ സൂക്ഷമതയോട്

കൂടിയാണ് കർത്തവ്യം നിർവഹിച്ചത്.

       അനുസരണത്തിന്റെ അതി വിശിഷ്‌ടമായ ഒരു അടിത്തറയാണ്

ഈ സംഭവത്തിൽ കാണുന്നത്. വിവാഹക്കാര്യം മകന്റെ ഇഷ്ടത്തിന് വിടേണ്ടതാണെന്ന് അബ്രഹാമിനറിയാം. എനിക്ക് ഇഷ്ടമുള്ള പെണ്ണിനെ താൻ തിരഞ്ഞെടുക്കുമെന്ന് യിസ്‌ഹാക്കിന് അറിയാം. കൊച്ചേജമാനന് ഭാര്യയെതിരയുന്ന

ചുമതല തനിക്ക് വഹിക്കാവുന്നതിൽ അധികമാണ് എന്ന് പറഞ്ഞ് ദാസന് ഒഴിയാം. ദാസന്റെ വാക്കനുസരിച്ച് ഇറങ്ങി പുറപ്പെടുന്നത് ബുദ്ധിയല്ലെന്ന് റിബേക്കക്കും പറയാം. പക്ഷെ അനുസരണക്കേട് ആരിലും കാണുന്നില്ല. നമ്മുടെ അനുസരണവും അനുസരണക്കേടും ഒരു വിധത്തി

ലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സാമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ

ആണെന്ന് ഓർക്കേണ്ടതാണ്.

        അബ്രഹാമിന്റെ ദാസൻ

പ്രാർത്ഥനയോടെ പുറപ്പെട്ടു. വിസ്വസ്തതയോടും ശുഭാപ്തി വിശ്വാസത്തോടും കൂടെ പ്രവർത്തിച്ചു. മേധുവേലിന്റെ വീട്ടിൽ ചെന്ന് ചേരുമെന്നും റിബേക്കയെ കണ്ടെത്തുമെന്നും ദാസൻ ആരംഭത്തിൽ അറിഞ്ഞില്ല. അവൻ ചില ലക്ഷ്യം വച്ച് പ്രാർത്ഥിച്ച് പുറപ്പെട്ടു. ഒടുവിൽ റിബേക്കയെ കണ്ടെത്തി യജമാനന്റെ വീട്ടിൽ സുരക്ഷിതം ആയി എത്തിച്ചു. അബ്രഹാമിന്റെ ആഗ്രഹം പോലെ റിബേക്ക യിസ്‌ഹാക്കിന്റെ ഭാര്യയായിത്തീർന്നു.

12. അബ്രഹാം പുതിയ നിയമത്തിൽ

        അബ്രഹാമിനെ പറ്റി പുതിയ

നിയമത്തിൽ വളരെയേറെ പ്രസ്താവിക്കുന്നുണ്ട്. മത്തായി എഴുതിയ സുവിശേഷം ആരംഭിക്കുന്നത് തന്നെ അബ്രഹാമിന്റെ പുത്രനായി ദാവീദിന്റെ പുത്രനായി ജനിച്ച യേശുവിന്റെ വംശാവലിയോട് കൂടെയാണ്.യേശുവിനെ കണ്ട ചുങ്കക്കാരനായ സക്കായിക്ക് ഉണ്ടായ മാനസാന്തരത്തിൽ സന്തോഷിച്ച കർത്താവ് പറയുന്നത്

"ഇന്ന് ഈ വീടിന് രക്ഷ വന്നു" എന്നാണ്.

        അബ്രഹാം വിശ്വാസത്താൽ ദൈവത്തിന്റെ വാഗ്ദത്തം പ്രാപിച്ചു

വിശ്വാസം അതിന് നീതിയായി കണക്കിട്ടു. എല്ലാ വിശ്വസ്ത യെഹുദനും അബ്രഹാമിന്റെ നീതിക്ക് കൂട്ടവകാശികൾ ആയിരിക്കുന്നു. വിശ്വസ്തരായ യെഹുദന്മാരെ അബ്രഹാം പറുദീസയിൽ സ്വീകരിച്ച്

മടിയിലിരുത്തും എന്ന് റബ്ബിമാർ പഠിപ്പിച്ചിരുന്നു. സാധാരണയായി അതിഥികൾ ഭക്ഷണത്തിന് ഇരിക്കുമ്പോൾ ഒരുത്തൻ മറ്റൊരുത്തന്റെ മടിയിൽ ചാഞ്ഞ് ഇരിക്കുമെന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട് അത് പരസ്പര സ്‌നേഹത്തെ സൂചിപ്പിക്കുന്നു. അത് കൊണ്ടാണ് യേശു പറഞ്ഞ ധനവാന്റെയും ലാസാറിന്റെയും കഥയിൽ ലാസർ മരിച്ചപ്പോൾ ദുതന്മാർ അവനെ അബ്രഹാമിന്റെ മടിയിലെക്ക് കൊണ്ടുപോയി എന്നും അവിടെ വിശ്രമിച്ചു എന്നും പറഞ്ഞിരിക്കുന്നത്.

         യേശു ദൈവത്തെ, അബ്രഹാമിന്റെ ദൈവമായി വിശേഷിപ്പിക്കുന്നു. അബ്രഹാമിന്റെ സന്തതി എന്ന് യേശു യെഹൂദന്മാരെ കുറിച്ച് പറഞ്ഞു. "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് എബ്രഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും കൂടെ പന്തിക്കിരിക്കും". അബ്രഹാമിന്റെ സന്തതിയായതുകൊണ്ട് സ്വ‌തന്ത്രരായിത്തീരുന്നില്ല. തങ്ങൾ ആർക്കും ദാസന്മാരായിരുന്നിട്ടില്ല എന്ന് യെഹൂദന്മാർ പറയുക സാദ്ധ്യമല്ല. യേശുവിനെ അറിയുകയും സത്യം അവരെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന് യേശു പഠിപ്പിച്ചു.

         രക്ത സാക്ഷിയായ സ്‌തേഫാനോസിന്റെ പ്രസംഗത്തിൽഅബ്രഹാമിന്റെ വിളിയേയും, ദൈവത്തിന്റെ ദർശനം ഉണ്ടായതിനേയും വാഗ്ദത്തങ്ങളെയും കുറിച്ച് പ്രതിപാദിച്ചിരുന്നു. ലേഖങ്ങളിലാണ്

അബ്രഹാമിനെ കൂടുതലായി ഉദാഹരിച്ചിരിക്കുന്നത്. ഉല്പത്തി 15:6 അടിസ്ഥാനപ്പെടുത്തി അബ്രഹാം ദൈവത്തെ വിശ്വസിച്ചു അത് അവന് നീതിയായി കണക്കിട്ടു എന്ന് പൗലോസ് വാദിക്കുന്നു. അബ്രഹാം പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് നീതീകരിക്കപ്പെട്ടത്. എന്നാൽ വിശ്വാസത്തിൽ നിന്നുള്ള പ്രവർത്തനം അതിന്റെ തെളിവ് മാത്രമാണ്."വിശ്വാസത്താലുള്ള നീതീകാരണം "എന്ന പൌലോസിന്റെ ശക്തമായ ആശയം 

സ്ഥാപിക്കുന്നതിന് അബ്രഹാമിന്റെ വിശ്വാസത്തെയാണ് ഉദാഹരിക്കുന്നത്.  

           എന്നാൽ യാക്കോബ് അതിന്റെ മറുവശം വ്യക്തമാക്കുന്ന

പ്രവർത്തിയില്ലാത്ത വിശ്വാസം വ്യർത്ഥമത്രെ. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാണ്. വിശ്വാസം മൂലം ജാതികൾക്ക് അബ്രഹാമിന്റെ സന്തതിയാകാൻ സാധിക്കും എന്ന് പൗലോസ് വിശ്വസിച്ചു. എബ്രായ ലേഖന കർത്താവ് 11:8-12,17-19 എന്നീ വാക്യങ്ങളിൽ അബ്രഹാമിന്റെ വിശ്വാസ ജീവിതത്തെ കുറിച്ച് വരച്ചു കാട്ടിയിരിക്കുന്നു.

13. അബ്രഹാമിന്റെ അന്ത്യം

         "അബ്രഹാം വയോധികനും
കാലസമ്പുർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ട് മരിച്ച് തന്റെ ജനത്തോട് ചേർന്നു."
നീയോ സമാധാനത്തോടുകൂടെ നിന്റെ പിതാക്കന്മാരോട് ചേരും, നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും
എന്ന് ദൈവം മുൻകൂട്ടി പറഞ്ഞിരുന്നു. അബ്രഹാം തന്റെ 175 -)o വയസ്സിൽ നിത്യതയിലെക്ക് പ്രവേശിച്ചു.
         മരണത്തെ കുറിച്ച് ഇത്തരത്തിലുള്ള പദപ്രയോഗങ്ങൾ
സർവ്വസാധാരണമല്ല. ചുരുങ്ങിയ ചിലരുടെ അതായത് അബ്രഹാം, യിസ്‌ഹാക്ക്, ദാവീദ് തുടങ്ങിയവരുടെ മരണത്തെ
കുറിച്ച് മാത്രമേ ഇത്തരം പരാമർശങ്ങൾ കാണാൻ കഴിയൂ. ഭാഷാശാസ്ത്രവിധി പ്രകാരം പരിശോധിച്ചാൽ അവ ആയുസ്സിന്റെ ദൈർഖ്യത്തെക്കാൾ ജീവിതത്തിന്റെ ധന്യതയെയും നിലവാരമേന്മയുമാണ് സൂചിപ്പിച്ചതെന്ന് മനസ്സിലാക്കാൻ കഴിയും. ഒരായുഷ്ക്കാലത്ത് നേടേണ്ടതെല്ലാം നേടി. ചെയ്യാനുള്ളതെല്ലാം ചെയ്തു. എല്ലാ നന്മതിന്മകളും കാണാനും കേൾക്കാനും ആ ധന്യതയോടെ മരിക്കാനും കഴിഞ്ഞു. പൗലോസ് പറയുന്നത് തന്റെ ഓട്ടം ഓടി തികച്ചു എന്നാണ്.

          അബ്രഹാമിനെ സംബന്ധിച്ച്

ഈ പദപ്രയോഗങ്ങൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. എവിടേക്ക് എന്നറിയാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ച് ശുന്യതയിലേക്ക് ഇറങ്ങുന്നത്തോടെയാണ് അബ്രഹാം ജീവിതം ആരംഭിക്കുന്നത് നിരവധി പ്രതികൂല പ്രതിസന്ധികളും അബ്രഹാമിന് നേരിടേണ്ടി വന്നു. ദൈവം തന്നേ കാണിപ്പാൻ ഇരിക്കുന്ന ദേശം എവിടെ എന്ന് അന്വേഷിച്ചുകൊണ്ടാണ് അവൻ യാത്ര തുടർന്നത്.കൂടെ ഉണ്ടായിരുന്നവർ കലഹത്തിന് ഒരുമ്പെട്ടു. പുറത്തുള്ള രാജാക്കൻ

മാരുമായി ഏറ്റുമുട്ടലുകൾ നടത്തേണ്ടി വന്നു. ക്ഷാവും വിഷമ പ്രശ്നങ്ങളും നിരന്തരം ഉള്ക്കൊണ്ടിരുന്നു. എന്നിരുന്നാലും അബ്രഹാമിന്റെ ജിവിതയാത്ര തികഞ്ഞ വിജയമായിരുന്നു എന്ന് തറപ്പിച്ചു പറയാൻ കഴിയും.

           സ്വന്തക്കാരുടെ മദ്ധ്യത്തിൽനിന്ന് ദൈവകല്പനകേട്ട് ഇറങ്ങി പുറപ്പെട്ട അന്ന് മുതൽ ജീവിതാ
അന്ത്യം വരെയും അബ്രഹാം
അന്യനും പരദേശിയും ആയിരുന്നു.
എന്നാൽ മരണത്തോടെ അവൻ സ്വജനങ്ങളോട് ചേർക്കപ്പെട്ടു. വിശ്വാസത്താൽ ഇറങ്ങിതിരിച്ചത് കൊണ്ട് യാതൊന്നും തന്നെ അവന്
നഷ്ടപ്പെട്ടില്ല. മരണമെന്നത് ഒരന്ത്യമല്ല സ്വജനങ്ങളോട് ചേർക്കപ്പെടലാണത് , നിത്യ സമാധാനത്തിന്റെ പളുങ്കു കൊട്ടാരത്തിലേക്ക്ള്ള പ്രവേശന കവാടമാണ്. അബ്രഹാമിന് അത് ലഭിച്ചു.

          വിഗ്രഹസേവക്കാരുടെ മദ്ധ്യേ നിന്ന് അബ്രഹാമിനെ വിളിച്ചു വേർതിരിച്ച് വിശ്വാസത്തിന്റെ പാതയിലൂടെ നടത്തി ഒരു അനുഗ്രഹീത ജാതിയെ രൂപപ്പെടുത്തുകയും അങ്ങനെ തിരുഹിതം ലോകത്ത് വ്യക്തമാക്കുവാൻ ശ്രമിക്കുകയും ചെയ്‌യു. മഹാ ദൈവത്തിന്റെ ദിവ്യ വിചാരണകൾ എത്ര അപ്രമേയമാണ്. ദൈവത്തെ ആത്മാർത്ഥമായി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്‌യുന്നവർ നേടുന്ന ആത്മീക വികാസവും അനുഗ്രഹവും എത്ര ഉൽകൃഷ്ടമാണെന്ന് അബ്രഹാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.


              Rev. M. Robinson B.D, M.Min