ജാതികളുടെ രാജാക്കന്മാരുടെയും മാതാവായ സാറാ
"സാറാ ജാതിക്കളുടെയും രാജാക്കന്മാരുടേയും മാതാവായി തീരും" എന്ന ദൈവത്തിന്റെ അരുളപ്പാട് ഉല്പത്തി 17:16 ൽ കാണുന്നു." ഞാൻ അവളെ(സാറാ)
അനുഗ്രഹിച്ച് അവളിൽ നിന്ന് നിനക്ക് ഒരു മകനെ തരും, ഞാൻ അവളെ അനുഗ്രഹിക്കുകയും അവൾ ജാതികൾക്ക് മാതാവായ് തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽ നിന്ന് ഉത്ഭവിക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു." അത് യിസ്‌ഹാക്കിന്റെ സന്തതി പരമ്പരകളിലൂടെ യാഥാർതഥ്യമായി
ദൈവത്തിന്റെ സ്‌നേഹിതനും
വിശ്വാസികളുടെ പിതാവുമായി അബ്രഹാം അംഗീകരിക്കപ്പെടുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ സാറാ വിശ്വാസികളുടെ മാതാവ് എന്ന് മാത്രമല്ല ജാതിക്കളുടെയും രാജാക്കന്മാരുടെയും മാതാവ് എന്ന്
അംഗീകരിക്കപ്പെടുന്നു. കാരണം അബ്രഹാം ദൈവത്തിന്റെ വിളി കേട്ട് യാത്ര പുറപ്പെടുമ്പോൾ ദൈവ
വിളി അംഗീകരിച്ച് ഭാര്യ സാറായും യാത്രയിൽ പങ്ക്ചേർന്നു. അബ്രഹാമിന്റെ സഹധർമ്മിണി
ആയി തന്റെ മരണം വരെ കൂടെ ഉണ്ടായിരുന്നു. ദൈവ വാഗ്ദത്തത്തിൽ വിശ്വസിക്കുകയും ദൈവത്തെ വിശ്വസ്തൻ എന്ന് വിശ്വസിച്ച് വാഗ്ദത്ത സന്തതിക്ക് ജന്മം നൽകുവാൻ സമർപ്പിക്കുകയും ചെയ്തവളായിരുന്നു സാറാ. ഈ സാറായുടെ ജീവിതത്തിന്റെ വിശദാoശങ്ങളിലേക്ക് കടക്കാം.
1. സാറാ ആരായിരുന്നു?
അബ്രഹാമിന്റെ പിതാവായ തേരഹിന്റെ മകളായിരുന്നു സാറാ. എന്നാൽ അബ്രഹാമിന്റെ മാതാവിൽ നിന്നല്ലാതെ തേരഹിന്റെ
മറ്റൊരു ഭാര്യയിൽ നിന്നുണ്ടായ മകൾ. അതായത് അബ്രഹാമിന്റെ നേരെ സഹോദരി അല്ലായിരുന്നു. പിന്നീട് അബ്രഹാമിന്റെ ഭാര്യയായി
തീർന്നു. സാറാ അതിസുന്ദരി ആയിരുന്നു. സാറായുടെ ആദ്യത്തെ പേര് 'സാറായി' എന്നായിരുന്നു.'സാറായി' എന്ന പദത്തിന്റെ അർത്ഥം ' വിവാദം' എന്നാണ് പിന്നീട് യഹോവയായ ദൈവം അവളുടെ പേരിന്റെ ഒരക്ഷരം കുറച്ച് 'സാറാ' എന്നാക്കി. സാറാ എന്ന പദത്തിന്റെ അർത്ഥം
'രാജകുമാരി എന്നാണ്.
പേർഷ്യൻ ഉൽക്കടലിലും ബാഗ്ദാദിനും മദ്ധ്യേ സ്ഥിതി ചെയ്‌യുന്ന 'ഊർ' പട്ടണത്തിലാണ് വേദപുസ്തകത്തിൽ ആദ്യമായി സാറായെ അവതരിപ്പിക്കുന്നത്. കൽദയരുടെ ഊരിൽ നിന്ന് അബ്രഹാമിനെ വിളിച്ച് വേർതിരിച്ച് ദൈവം കാണിപ്പാൻ ഇരിക്കുന്ന ദേശത്തേക്ക് പോകുമ്പോൾ ഭർത്താവും ഒന്നിച്ച് പുറപ്പെടുന്ന സാറായെ ഇവിടെ കാണാം. പിതാവായ തേരഹും സഹോദര
പുത്രനായ ലോത്തും ഈ യാത്രയിൽ ഉണ്ടായിരുന്നു. ഹാരാനിൽ വെച്ച് തേരഹ് മരിച്ചു. അവിടെ വെച്ച് യഹോവ അബ്രഹാമിനോട് "ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക" എന്ന കല്പന നൽകി. വ്യക്തമായ ഒരു ലക്ഷ്യം ഇല്ലാതെ ഇരുന്നിട്ടും വിളിച്ചവൻ വിശ്വസ്തൻ
എന്ന വിശ്വാസത്തോടെ ഈ ദമ്പതികൾ യാത്ര ചെയ്തു. ആടുകളും ദാസീദാസന്മാരും വളരെയധികം ഉണ്ടായിരുന്നു. അബ്രഹാമിനെ ദൈവം സാമ്പത്തികമായി അനുഗ്രഹിച്ചിരിക്കുന്നു. എങ്കിലും അവർ ആയുഷ്ക്കാലം മുഴുവൻ നാടോടികളായി കൂടാരങ്ങളിലാണ് പാർത്തത്. മരണം വരെ സാറായും അബ്രഹാമിനോട് കൂടെ ഉണ്ടായിരുന്നു.
2. സുന്ദരിയായ സാറാ
സാറാസുന്ദരിയായിരുന്നു. സാറാ എന്ന പേരിന് രാജകുമാരി എന്നർത്ഥത്തിൽ മാത്രമല്ല, സുന്ദരി ആയ രാജകുമാരി തന്നെ
ആയിരുന്നു അവൾ. സ്വഭാവത്തിലും സുന്ദരിയായിരുന്നു. എന്നാൽ അത് അവൾക്ക് ഒരു കെണിയായിത്തീർന്നു. ദേശത്ത് ക്ഷാമം ഉണ്ടായപ്പോൾ അതിൽ നിന്ന് രക്ഷപ്പെടുവാൻ അബ്രഹാമും
കുടുംബവും മിസ്രയീമിലേക്ക് പോയി. സമ്പൽസമൃദ്ധമായ മിസ്രായീമിലെ രാജധാനിയിൽ രാജാവിനാൽ സാറാ ആകർഷിക്കപ്പെട്ടു. അവളെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി
എങ്കിലും അവൾ ഭർത്താവിനോട് പൂർണ്ണവിശ്വസ്തത പാലിച്ചു. ദൈവത്തിന്റെ ഇടപെടൽ രാജാവിനുണ്ടായതു മൂലം അവൾ രക്ഷപ്പെട്ടു. ഗെരാർ രാജാവായ അബീമേലേക്കിന്റെ കൊട്ടാരത്തിലും ഇതേ അനുഭവം തന്നെ ആവർത്തിക്കപ്പെട്ടു. അവിടെയും സാറാ ഈ ലോകത്തിന്റെ കളങ്കം പറ്റാതെ ജീവിക്കുവാൻ ദൈവം രാജാവിനോടിടപ്പെട്ട് അവളെ രക്ഷിച്ചു.
3. ദൈവവാഗ്ദത്തത്തിൽ ആദ്യം അവിശ്വസിച്ച സാറാ
75 വയസുള്ള അബ്രഹാമിനോട് ഞാൻ നിന്നെ വലിയൊരു ജാതി ആക്കും എന്ന് അരുളി ചെയ്‌തു. എന്നാൽ സാറാ വന്ധ്യയായിരുന്നു. അതുകൊണ്ട് ദൈവത്തിന്റെ വാഗ്ദത്തം സാറാക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ
ഉള്ളിൽ ചിരിച്ചു. അബ്രഹാമിനും സംശയം ഉണ്ടായിരുന്നു. അത് കൊണ്ടും താൻ വയസ്സ് ചെന്നവൾ ആയതുകൊണ്ടുമായിരിക്കാം ആദ്യം സാറാ അവിശ്വസിച്ചത് എന്ന്
ചിന്തിക്കേണ്ടിയിരിക്കുന്നു.
4. ദൈവ വാഗ്ദത്ത നിവർത്തിക്ക് സ്വന്തം പദദ്ധതി ആവിഷ്ക്കരിച്ച സാറാ.
ദൈവത്തിൽ നിന്നുള്ള വാഗ്ദത്തം' അബ്രഹാമിന്റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ എണ്ണുവാൻ കഴിയാത്ത വിധം വർദ്ധിക്കും' എന്നായിരുന്നു. ഒന്നാമത്തെ വാഗ്ദത്തിനു ശേഷം 11 വർഷം സാറാ വിശ്വസിച്ച് കാത്തിരുന്നു. അപ്പോൾ സാറാക്ക് ഒരു ബുദ്ധി
തോന്നി. അബ്രഹാമിന്റെ സന്തതി എന്നാണല്ലോ ദൈവം പറഞ്ഞത്.
സാറായിൽ മകനെ നൽകും എന്ന് പറഞ്ഞിരുന്നില്ലല്ലോ. അതിനാൽ സാറാ ഒരു പദ്ധതി തയ്യാറാക്കി. ആക്കാലത്ത് ബഹുഭാര്യാത്വo നിലനിന്നിരുന്നതിനാൽ മിസ്രയീമിൽ നിന്നും അവൾ കൊണ്ടുവന്ന സുന്ദരിയായ ഹാഗാർ
എന്ന ദാസിയെ അബ്രഹാമിന് ഭാര്യായായി നൽകി. അവളിൽ ജനിക്കുന്ന സന്തതികൾ തന്റെതായി കണക്കാക്കാം എന്ന് വിചാരിച്ചു. അങ്ങനെ ഹാഗാറിൽ നിന്നും യിശ്മായേൽ ജനിച്ചു.
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ തക്കസമയത്ത് നിറവേറും എന്നതിന് സംശയമില്ല. എന്നാൽ മനുഷ്യൻ പലപ്പോഴും വാഗ്ദത്ത നിവർത്തിക്ക് വേണ്ടി കാത്തിരിക്കാതെ സ്വന്തം പദ്ധതികൾ തയ്യാറാക്കി ദൈവയിഷ്ടം നിവൃത്തിക്കുവാൻ ശ്രമിക്കുന്നു. അതിന്റെ ഫലം ആപത്താണ്. ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പൂർവ്വമദ്ധ്യ ഏഷ്യ യുദ്ധം അബ്രഹാമിന്റെ ദാസിപുത്രനായ യിശ്മായെലിന്റെ വംശജരായ അറബികളും യിസ്രായേൽ മക്കളും തമ്മിലുള്ള ബാലപരീക്ഷണമാണ്. സാറായുടെ ഉപദേശം സ്വീകരിച്ച അബ്രഹാമിന്റെ കാലത്ത് തന്നെ ആരംഭിച്ച മത്സരം ഇന്നും ആഗോള വ്യാപകമായി ഉത്കണ്ടയ്ക്കു നിദാനമായിത്തീർന്നിരിക്കുന്നത്.
5. ഹാഗാറിനോടുള്ള സാറായുടെ പെരുമാറ്റം
ഹാഗാർ 10 വർഷത്തോളം സാറായോട് കൂടെ താമസിച്ചത് അവളോട് സ്‌നേഹമായി പെരുമാറിയത് കൊണ്ടുകൂടി ആയിരുന്നു എന്നതിന് സംശയമില്ല. അതുകൊണ്ടായിരിക്കാം ഹാഗാറിനെ അബ്രഹാമിന് ഭാര്യയായിരിക്കാൻ ശുപാർശ ചെയ്തത്.എന്നാൽ യിശ്മായേൽ ജനിച്ച ശേഷം യജമാനത്തിയായ
സാറായോട് പുച്ഛം കാണിച്ച ഹാഗാറിനോടെ ഇഷ്ടം പോലെ പെരുമാറാൻ എബ്രഹാം അനുവാദം നൽകി. അപ്പോൾ സാറാ ദാസിയോട് കാഠിന്യം കാണിച്ചു തുടങ്ങി. ഇതു നീതിപൂർവ്വമായ നിലപാടായിരുന്നില്ല. ഹാഗാറിന് വീട് വിട്ട് ഓടിപ്പോകേണ്ടതിനായി വന്നു. എന്നാൽ ദൈവദൂതന്റെ ഉപദേശപ്രകാരം മടങ്ങി വന്നു. പിന്നീട് ഒരു 14 വർഷം സാറായും ഹാഗാറും സൗഹൃദമായി ജീവിച്ചു എന്ന് കരുതാം. കാരണം വാഗ്ദത്ത
സന്തതി യിശ്മായേൽ ആയിരിക്കാം എന്ന് സാറായും വിശ്വസിച്ചിരിക്കാം.
എന്നാൽ യിസ്ഹാക്ക് ജനിച്ച ശേഷം ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കാതെ സാറാക്ക് സമാധാനം ഇല്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് കാണിച്ച അവിവേകത്തെക്കുറിച്ചു സാറാ അനുതപിച്ചു. തുടരുന്നു അവരെ എന്നന്നേക്കുമായി സാറാ പുറത്താക്കി.
6. അതിഥി സൽക്കാര പ്രീയയായ സാറാ.
വേദപുസ്തകത്തിൽ അതിഥികളെ സ്വീകരിക്കുന്ന ആദ്യത്തെ സ്ത്രീയാണ് സാറാ. സാറായിൽ തന്നെ വാഗ്ദത്ത സന്തതി ജനിക്കുമെന്നുള്ള വസ്തുത 99 വയസ്സായപ്പോൾ ദൈവo അബ്രഹാമിനെ അറിയിച്ചു.
അബ്രഹാമിന്റെയും സാറായുടെയും അതിഥി സൽക്കാരം സ്വീകരിക്കാൻ ദൈവദൂതന്മാർ എത്തി ചേർന്നു. അബ്രഹാമും സാറായും അവർ ആരെന്ന് അറിയാതെ തന്നെ അവരെ ബഹുമാനപുരസ്സരം സ്വീകരിക്കുകയും പരിചരിക്കുകയും സ്വാദിഷ്‌ടമായ ഭക്ഷണം പാചകം ചെയ്തു അവരെ
സൽക്കരിക്കുകയും ചെയ്തു. അവർ ഭക്ഷിച്ചു തൃപ്തരായി ദൈവത്തിന്റെ വാഗ്ദത്തത്തെ ഒന്നും കൂടെ ഉറപ്പിച്ചു പറയുന്നത് നേരിൽ കേൾക്കാനുള്ള ഭാഗ്യം സാറാക്ക് ലഭിച്ചു.
7. ഭർത്താവിനെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്ത സാറാ
1. പത്രോസ് 3:6 ൽ "അങ്ങനെ സാറാ അബ്രഹാമിനെ യജമാനൻ എന്ന് വിളിച്ച് അനുസരിച്ചിരുന്നു". അബ്രഹാമിനെ യജമാനൻ എന്ന് സംബോധന ചെയ്ത് സാറായുടെ ഭർത്താവിനോടുള്ള ബഹുമാനത്തെയാണ് കാണിക്കുന്നത്. ഇവിടെ സാറാ ഭാര്യമാർക്ക് ഒരു നല്ല മാതൃകയാണ് നൽകുന്നത്. മാത്രമല്ല സാറാ ഭർത്താവിനെ അനുസരിച്ചിരുന്നു എന്നും കാണുന്നു. കുടുംബനാഥൻ എന്ന നിലയിൽ അബ്രഹാമിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും തമ്മിൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ഇത് സാറായുടെ സ്വഭാവത്തിന്റെ നല്ല ഗുണത്തെയാണ് കാണിക്കുന്നത്.
8. സാറാക്ക് പഴയനിയമത്തിലും പുതിയനിയമത്തിലും നൽകിയിരിക്കുന്ന സ്ഥാനം.
വേദപുസ്തകത്തിൽ സാറാക്ക്
ശ്രേഷ്ഠമായ സ്ഥാനമാണ് നൽകി ഇരിക്കുന്നത്. ഉല്പത്തി പുസ്തകത്തിൽ 11 അദ്ധ്യായങ്ങളിൽ സാറായെ കുറിച്ച്
പ്രതിപാദിച്ചിട്ടുണ്ട്. പഴയനിയമത്തിലെ മറ്റ് പുസ്തകങ്ങളിൽ യെശയ്യാവ് 51:2ൽ മാത്രമേ പരാമാർശിച്ചിട്ടുള്ളു. എന്നാൽ പുതിയനിയമത്തിൽ 4 പ്രാവശ്യം സാറായെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര എന്നത് സാറായെ കുറിക്കുന്നു. സാറായും ഹാഗാറും രണ്ട് നിയമങ്ങളെ പ്രതിനിധീകരിക്കുന്നു. ഹാഗാർ സിനായിയിൽ നിന്ന് അടിമകളെ പ്രസവിക്കുന്നു. സാറാ വാഗ്ദത്ത പ്രകാരം ദൈവമക്കളുടെ അമ്മയായ മീതെയുള്ള യെരുശലേമിനെ പ്രതിനിധീകരിക്കുന്നു. സാറാ വാഗ്ദത്തം വിശ്വസിച്ചവളെന്നു എബ്രയ ലേഖന കർത്താവ് പറയുന്നു. സീനായി മലയിൽ നിന്ന് ദൈവം അരുളിചെയ്യ്തതാണ് ന്യായപ്രമാണം.അതിന് കീഴുള്ളതെല്ലാം അടിമകളാണ്. അവരുടെ പ്രതിനിധികളാണ് ഹാഗാറും യിശ്മായേലും. മീതെ
ഉള്ള യെരുശലേം സാറായെ കുറിക്കുന്നു. വാഗ്ദത്തത്തെ അവൾ വിശ്വസിച്ചു. വിശ്വസികൾ
എല്ലാം സ്വതന്ത്രയുടെ മക്കളാണ്.
9. സാറായുടെ മരണം.
സാറാ 127 വയസ്സായപ്പോൾ മരിച്ചു. കനാൻ ദേശത്തിലെ ഹെബ്‌രോൻ എന്ന മമ്രെയുടെ തോപ്പിനരികെ, ഹിത്യനായ എഫ്രാനോട് അബ്രഹാം 400 ശേക്കൽ വെള്ളി തുക്കിക്കോടുത്ത് വിലക്ക് വാങ്ങിയ മക്പേല ഗുഹയിൽ സാറായുടെ ശവസംസ്കാരം നടത്തി. മക്പേല ഗുഹയുടെ മുൻഭാഗത്തു ഇന്ന് ഒരു മസ്ജിദ് (മുസ്ലീo പള്ളി)സ്ഥിതി ചെയ്‌യുന്നു. ഈ ഗുഹക്കുള്ളിൽ അബ്രഹാം, സാറാ, യിസ്ഹാക്ക് മുതലായവരുടെ ഭൗതിക ശരീരങ്ങൾ സംസ്‌കരിച്ചിരിക്കുന്നു.
തന്റെ ഭർത്താവായ അബ്രഹാമിന് പ്രത്യക്ഷപ്പെട്ട യഹോവയെ പൂർണ്ണമനസ്സോടെ വിശ്വസിക്കുകയും, അനുസരിക്കുകയും, ആരാധിക്കുകയും ചെയ്തവൾ ആയിരുന്നു സാറാ. യിസ്രായേലിന്റെ ചരിത്രത്തിൽ സമുന്നതമായ ഒരു സ്ഥാനം സാറായ്ക്ക് ഉണ്ട്. വാഗ്ദത്തം പ്രാപിച്ച ഈ ജാതികളുടെയും രാജാക്കന്മാരുടെയും മാതാവ് വിശ്വാസികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ