-->

യിസ്രായേൽ ആയിത്തീർന്ന ഗോത്രപിതാവായ യാക്കോബ് 1.

       എല്ലാ കാലഘട്ടങ്ങളിലും ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണ് 'യിസ്രായേൽ'. ഇന്ന് യിസ്രായേൽ രാഷ്ട്രം വിസ്‌തീർണ്ണത്തിൽ ഒരു ചെറിയ ഭൂവിഭാഗമാണെങ്കിലും അതിന്റെ വിഗതികൾ ലോകം ഉറ്റുനോക്കി
കൊണ്ടിരിക്കുന്നു.'യിസ്രായേൽ' എന്ന ഒരു വ്യക്തിയിൽ നിന്നാണ് ഈ പേർ അവർക്ക് ലഭിച്ചത്. അബ്രഹാമിന്റെ മകനായ യിസ്ഹാക്കിന്റെ മകനായ യാക്കോബാണ് യിസ്രായേൽ ആയിത്തീർന്നത്. യാക്കോബിന് ആ പേര് ലഭിച്ചതിന് മുഖാന്തരമായ സംഭവം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

         യാക്കോബ് നദിയുടെ കടവിൽ
വച്ച് ഒരു പുരുഷൻ ഉഷസ്‌ ആകുവോളം യാക്കോബുമായി മല്ലു പിടിച്ചു. "നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല" എന്ന് യാക്കോബ് പറഞ്ഞു. ആ പുരുഷൻ പേര് ചോദിച്ചു. തന്റെ പേര് പറഞ്ഞ യാക്കോബ് തന്റെ ജീവിതത്തിലെ വഞ്ചനയും ചതിയും ഏറ്റു പറഞ്ഞിരിക്കാം. ദൈവം അവനിൽ പ്രസാദിച്ച് അവനെ അനുഗ്രഹിച്ചു. അവന് 'യിസ്രായേൽ 'എന്ന്പേരിട്ടു. യിസ്രയേൽ എന്ന പദത്തിനർത്ഥം 'ദൈവത്തിന്റെ പ്രഭു' എന്നാണ്. ആ സ്ഥലത്തിന് യാക്കോബ് പേനിയേൽ എന്ന് പേരിട്ടു. ആ പദത്തിന് 'ദൈവമുഖം' എന്നർത്ഥം. യാക്കോബ് അവിടെ വെച്ച് മാനസാന്തരപ്പെട്ട് ഒരു പുതിയ മനുഷ്യനായ് തീർന്നു. ആ യാക്കോബിന്റെ ജീവിതത്തിലേക്ക്‌ ഉള്ള ഒരു പാർശ്വവീക്ഷണം ആണ് ഇവിടെ നൽകുവാൻ ശ്രമിക്കുന്നത്.

1.  യാക്കോബ് ആരായിരുന്നു

         അബ്രഹാമിന്റെ  മകനായ യിസ്ഹാക്കിനും ഭാര്യ റിബേക്കക്കും സന്താന ഭാഗ്യം ഉണ്ടായിരുന്നില്ല. റിബേക്ക മച്ചി ആയിരുന്നു.അതു കൊണ്ട്  യിസ്ഹാക്ക് സന്താന ഭാഗ്യത്തിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു. അവരുടെ പ്രാർത്ഥനയുടെ ഫലം ആയി റിബക്കാ ഗർഭിണിയായി.അവൾ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചു. ആദ്യം ഏശാവ്  പുറത്തു വന്നു. രണ്ടാമതായി യാക്കോബ് പുറത്ത് വരുമ്പോൾ അവൻ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു.ആദ്യ ജാതനായ ഏശാവ് ചുവപ്പ് നിറം ഉള്ളവനും ശരീരം മുഴുവൻ രോമം കൊണ്ട് നിറഞ്ഞവനുമായിരുന്നു.

      യാക്കോബ് എന്ന പേരിനർത്ഥം
'സ്ഥാനം തട്ടിഎടുക്കുന്നവൻ'
( ടൗഹമില്ല്യേ) എന്നാണ്. യാക്കോബിന്റെ സ്വഭാവം അനുസരിച്ച് ആ പേരിന്, ഉപായി, ചതിയൻ, വഞ്ചകൻ എന്നീ അർത്ഥങ്ങൾ നൽകുന്നതിൽ തെറ്റില്ല. യാക്കോബ് സാധു ശീലനും കൂടാരവാസിയും ആയിരുന്നു. എന്നൽ സഹോദരനായ ഏശാവ് വേട്ടക്കാരനും വനസഞ്ചാരിയും ആയിരുന്നു. വേട്ടയിറച്ചിയുടെ രുചി ഇഷ്ടപ്പെട്ടിരുന്ന യിസ്ഹാക്ക് ഏശാവിനെ  സ്‌നേഹിച്ചു. എന്നാൽ റിബേക്ക, കൂടാരത്തിൽ തന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന യാക്കോബിനെയാണ് ‌സ്നേഹിച്ചത്. തൻമൂലംമക്കൾ രണ്ടു പേരും തമ്മിൽ സ്നേഹത്തിന് പകരം പകയും അസൂയയും വളർന്നു വരുന്നതിന് കാരണമായി.

2. യാക്കോബ് ജേഷ്ഠാവകാശo  തട്ടിയെടുക്കുന്നു

       അക്കാലത്ത് ഒരു കുടുംബത്തിലെ ആദ്യ ജാതന് ചില പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരുന്നു. കുടുംബത്തിന്റേതും ഗോത്രതിന്റെയും ഭരണം, അവകാശത്തിന്റെ ഇരട്ടിപങ്ക്, കുടുംബത്തിലെ പൗരോഹിത്യ പദവി, മഹാ പുരോഹിതസ്ഥാനം എന്നിവ ആദ്യജാതനായിരുന്നു ലഭിച്ചിരുന്നത്.

       യാക്കോബ് ഇളയവൻ ആയിരുന്നെങ്കിലും  ആദ്യ
ജാതന്റെ അവകാശം പ്രാപിക്കുമെന്ന ദൈവ വാഗ്ദത്തം  ഉണ്ടായിരുന്നു. . ജേഷ്‌ഠാവകാശം തനിക്ക് ലഭിക്കുമെന്നുള്ള വാഗ്ദത്തം മാതാവിൽ നിന്നും ഗ്രഹിച്ചിരിക്കാനിടയുണ്ട് അതിനുള്ള ഒരവസരത്തിനായി  യാക്കോബ് കാത്തിരുന്നിരിക്കാം. അപ്പോഴാണ് അതിനുള്ള ഒരു നല്ല അവസരം ലഭിച്ചത്. ഏശാവ് വേട്ടയാടി ക്ഷീണിച്ചു വന്നു. യാക്കോബ് വീട്ടിൽ ഇരുന്ന് ചുവന്ന പായസം പാകപ്പെടുത്തി. ഏശാവിന് വിശപ്പ് ഉണ്ടായിരുന്നു അതിനാൽ തന്റെ ജേഷ്ഠാവകാശം കൈമാറി കൊണ്ട് പായസം വാങ്ങി കുടിച്ച് വിശപ്പടക്കി. അപ്പോൾ മുതൽ ജേഷ്ഠാവകാശം എന്ന മഹനീയ പദവി യാക്കോബിനായി. കുറേക്കാലത്തിന് ശേഷം വൃദ്ധനായ യിസ്ഹാക്ക് ഏശാവിനെ അനുഗ്രഹിക്കാൻ പോകുന്നു എന്ന് റിബേക്ക മനസ്സിലാക്കി. സൂത്രത്തിൽ ആ അനുഗ്രഹം കൂടി യാക്കോബിന് വാങ്ങി കൊടുക്കാൻ അവൾ ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. ഏശാവ് വേട്ടയാടാൻ കാട്ടിൽ പോയ തക്കം നോക്കി ആട്ടിൻ കൂട്ടത്തിൽ നിന്ന് രണ്ടു കോലാട്ടിൻ കുട്ടികളെ കൊണ്ടു വരാൻ റബേക്ക പറഞ്ഞത് യാക്കോബ് അനുസരിച്ചു. അവയെ അവൻ പാകം ചെയ്‌ത് അപ്പവും ഉണ്ടാക്കി യിസ്ഹാക്കിന് കൊടുക്കാൻ യാക്കോബിനെ ഏല്പിച്ചു. ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി യാക്കോബിന്റെ കൈകളും കഴുത്തും കോലാട്ടിൻകുട്ടിയുടെ തോൽ കൊണ്ട് പൊതിഞ്ഞു. മാത്രമല്ല ഏശാവിന്റെ വസ്ത്രം യാക്കോബിനെ ധരിപ്പിക്കുകയും ചെയ്‌തു. വൃദ്ധനും കാഴ്ച ഇല്ലാത്തവനുമായ യിസ്ഹാക്ക് ഏശാവാണെന്ന് തെറ്റിദ്ധരിച്ച് യാക്കോബിനെ അനുഗ്രഹിച്ചു. അങ്ങനെ ഏശാവിന്റെ ജേഷ്ഠാ അവകാശം പുർണ്ണമായി തട്ടിയെടുത്തു.
         
             യാക്കോബ് ചതിവും വഞ്ചനയും പ്രവൃത്തിക്കാതെ ഇരുന്നാൽ  തന്നെയും ദൈവം തക്ക സമയത്ത് തന്റെ വാഗ്ദത്തം നിവൃത്തിക്കുമായിരുന്നു. എന്നാൽ ദൈവ പ്രവൃത്തിക്ക്‌ വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ അവനില്ലാതെ പോയി. അമ്മയുടെ ഒത്താശയോട്കൂടി സ്വന്തമായ പദ്ധതി തയാറാക്കി, അത് പ്രാവർത്തികമാക്കി. അപ്പനെയും സഹോദരനെയും ചതിക്കുകയും വഞ്ചിക്കുകയും ചെയ്‌തു. അങ്ങനെ അവൻ അനുകരിക്കാൻ യോഗ്യനല്ലാത്ത ഒരു വ്യക്തിയായി തീർന്നു.

3. യാക്കോബിന്റെ സ്വന്തവീട്ടിൽ നിന്നുള്ള ഓടിപ്പോക്കും ദൈവദർശനവും.

       യാക്കോബ് സഹോദരനായ
ഏശാവിനെ ചതിച്ച് ജേഷ്ഠാവകാശവും  അനുഗ്രഹവും തട്ടി പറിച്ചത് കൊണ്ട് ഏശാവ് അവനെ കൊല്ലുമെന്ന് ഹൃദയത്തിൽ നിശ്ചയിച്ചു. ഈ വിവരം മനസ്സിലാക്കിയ റബേക്ക തന്റെ സഹോദരനായ ലാബാന്റെ
ഭാവനത്തിലേക്ക് ഓടിപ്പോകുവാൻ യാക്കോബിനെ ഉപദേശിച്ചു. തുടർന്ന് അപ്പനായ യിസ്ഹാക്കിന്റെ അനുഗ്രഹാ ആശിസുകളോടെ യാക്കോബ് ലാബാന്റെ അടുക്കലേക്ക് യാത്ര ആയി. അങ്ങനെ യാക്കോബ് ബേർശേബയിൽ നിന്ന് ഏകദേശം 400 മൈൽ വടക്കുള്ള ഹാരാനിലേക്ക് യാത്ര പുറപ്പെട്ടു. ഏകനായിട്ടുള്ള യാക്കോബിന്റെ യാത്ര വളരെ ക്ലേശകരമായിരുന്നു

      യാക്കോബ് യാത്ര ചെയ്ത് ഒരു സ്ഥലത്തെത്തിയപ്പോൾ രാത്രി ആയി. അതിനാൽ അവിടെ രാപാർത്തു ഒരു കല്ല് തലയണ ആയി വച്ച് അവിടെ കിടന്നുറങ്ങി. അപ്പോൾ അവൻ ഒരു സ്വപ്നം കണ്ടു. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് ഉള്ള ഒരു കോവണിയിൽ കൂടി ദൈവദുതന്മാർ കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ട് ഇരുന്നു.അതിന് മുകളിൽ നിന്ന് യഹോവ യാക്കോബിനെ അനുഗ്രഹിച്ചു. ഈ ദർശനം ലഭിച്ചതിലൂടെ ദൈവസാന്നിദ്ധ്യം  യാക്കോബ് വ്യക്തമായി മനസ്സിലാക്കി. മാത്രമല്ല തന്റെ യാത്രയെ  ദൈവം അനുഗ്രഹിച്ചിരിക്കുന്നു എന്നും ഉറപ്പിച്ചു. അതിനാൽ "ദൈവം ഇവിടെ ഉണ്ട്" എന്നർത്ഥം വരുന്ന 'ബെഥെൽ'എന്ന് ആ സ്ഥലത്തിന് പേരിട്ടു. ആ സ്ഥലത്തിന്റെ മുൻ പേര് 'ലൂസ് ' എന്നായിരുന്നു. യാബോക്ക് അവിടെ വെച്ച് ഒരു തീരുമാനമെടുത്തു. താൻ പോകുന്ന യാത്ര സഫലമായി തീരുകയും അപ്പന്റെ ഭവനത്തിലേക്ക് മടങ്ങി വരാൻ സഹായിക്കുകയും ചെയ്യുമെങ്കിൽ യഹോവ എന്റെ ദൈവം ആയിരിക്കും. അവിടെ ഒരു ആലയം പണിയും. ദൈവം തനിക്ക് നൽകുന്നതിൽ നിന്നൊക്കെയും ദശാംശം കൊടുക്കും.

4.  യാക്കോബിന് തിരിച്ചടി ലഭിക്കുന്നു.

       യാക്കോബ് യാത്ര ചെയ്‌ത് ഹാരാനിൽ എത്തി. നാഹോരിന്റെ മകനായ ലാബാന്റെ മകൾ റാഹേൽ ആടുകളുമായി കിണറ്റിൻ കരയിൽ എത്തി. ആട്ടിടയന്മാർ എല്ലാവരുമായി പൊക്കി നീക്കേണ്ട കിണറിന്റെ മേൽ മൂടിയായ കല്ല് യാക്കോബ് ഉരുട്ടിമാറ്റി. രാഹേലിന്റെ ആടുകൾക്ക് വെള്ളം കൊടുക്കാൻ സഹായിച്ചു. തുടർന്ന് ലാബാൻ യാക്കോബ് വന്നതറിഞ്ഞ് ഓടി വന്ന് യാക്കോബിനെ ചുംബിച്ച്
സ്വീകരിച്ച് തന്റെ ഭവനത്തിലേക്ക് കൊണ്ട് പോയി.

      ഒരു മാസത്തിന് ശേഷം ലാബാന്റെ രണ്ടു പെൺമക്കളിൽ സുന്ദരിയായ ഇളയമകൾ റാഹേലിനെ വിവാഹം ചെയ്യുന്നതിന് ഏഴു വർഷം ലാബാന്റെ വീട്ടിൽ ജോലി ചെയ്യാം എന്ന് ഉടമ്പടി ചെയ്തു. യാക്കോബ് റാഹേലിനെ അത്രക്ക് സ്നേഹിച്ചിരുന്നു. എന്നാൽ ഏഴു വർഷത്തിന് ശേഷം ലാബാൻ യാക്കോബിനെ ചതിച്ചു. റാഹേലിന് പകരം ലേയയേയാണ് യാക്കോബിന് വിവാഹം ചെയ്‌തു കൊടുത്തത്. അതിന് പറഞ്ഞ ന്യായം 'ഞങ്ങളുടെ ദേശത്ത് മുത്തവൾ ഇരിക്കേ ഇളയവളെ വിവാഹം ചെയ്തു കൊടുക്കാറില്ല'. എന്നായിരുന്നു. വീണ്ടും ഏഴ് വർഷം
കൂടി റാഹേലിനെ ലഭിക്കുന്നതിന് വേണ്ടി ജോലി ചെയ്‌തു. അങ്ങനെ അവളെയും സ്വന്തമാക്കി. ആടുകൾക്കായി വേറെയും ആറ് വർഷം വേറെയും ജോലി ചെയ്തു. അങ്ങനെ ആകെ 20 വർഷം ലാബാന്റെ വീട്ടിൽ യാക്കോബിനു താമസിക്കേണ്ടി വന്നു.

     യാക്കോബ് ആൾ മാറാട്ടം മൂലം സ്വന്തം പിതാവിനെ കബിളിപ്പിച്ച് ഏശാവിന് ലഭിക്കേണ്ട ജേഷ്ഠാ അവകാശം തട്ടിയെടുത്തു. അതെ നാണയത്തിൽ തന്നേ യാക്കോബിന് തിരിച്ചടി കിട്ടി.താൻ സ്‌നേഹിച്ച റാഹേലിനെ വിവാഹം കഴിക്കാൻ ചെന്നപ്പോൾ അവനെ കബിളിപ്പിച്ച് വിരൂപിയായ ലേയയെ നൽകി. യാക്കോബിന്റെ തന്നേ വാക്കുകൾ ശ്രദ്ധിക്കുക "നിങ്ങളുടെ അപ്പനെ (ലാബാൻ ) സർവ്വബലത്തോടും കൂടെ സേവിച്ചു എന്ന് നിങ്ങൾക്ക്  അറിയാമല്ലോ. നിങ്ങളുടെ അപ്പൻ  എന്നെ ചതിച്ചു, എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി " ഇതിൽ നിന്നും മനുഷ്യൻ ചെയ്യുന്ന ഏത് ദോഷത്തിനും തിരിച്ചടി ലഭിക്കും എന്ന പ്രകൃതി നിയമവും ദൈവീക നീതിയും ആണെന്ന് മനസ്സിലാക്കാം. വേദപുസ്തകം പറയുന്നു - " മനുഷ്യൻ വിതക്കുന്നത് തന്നെ കൊയ്യും". 
                                        തുടരും.