-->

യിസ്രായേൽ ആയിത്തീർന്ന ഗോത്രപിതാവായ യാക്കോബ് 2.

 

   യാക്കോബിന്റെ ജനനം, ഏശാവിൽ നിന്നും ജേഷ്ഠാവകാശം തട്ടി എടുത്തത്, പിതാവിനെ ചതിച്ച് മൂത്തപുത്രന് ലഭിക്കേണ്ട അനുഗ്രഹം വാങ്ങിയെടുത്തത്, തുടർന്ന് ഏശാവിനെ ഭയന്ന് മാതൃ സഹോദരനായ ലാബാന്റെ ഭവനത്തിൽ  എത്തി ചേർന്നത്. ലാബാന്റെ മക്കളായ ലേയയെയും റാഹേലിനെയും വിവാഹം കഴിച്ചത് എന്നിവയാണ് കഴിഞ്ഞ ലക്കത്തിൽ നാം മനസ്സിലാക്കിയത്. തുടർന്നുള്ള യാക്കോബിന്റെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ച് ചിന്തിക്കാം.

5.  യാക്കോബും കുടുംബവും പിതൃ ദേശത്തേക്ക്‌‌ മടങ്ങി പോകുന്നു.

     കണക്കനുസരിച്ച് യാക്കോബിന്റെ  വിവാഹം 84-)o മത്തെ വയസ്സിലാണ് നടന്നത്. ആദ്യം തനിക്ക് ഇഷ്ടപ്പെടാത്ത ലേയയെ വിവാഹം കഴിക്കേണ്ടി വന്നു. ലാബാന്റെ വഞ്ചനയുടെ കരിനിഴൽ യാക്കോബും ലേയയുo
ആയുള്ള ബന്ധത്തിൽ പ്രകടമാണ്.
എന്നാൽ ദാവീദിന്റെയും യേശുവിന്റെയും ഉത്ഭവം തന്റെ ഇഷ്ടഭാര്യയായ റാഹേലിൽ നിന്നല്ല ലേയയിൽ നിന്നായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ലാബാന്റെ വഞ്ചന ദൈവം എങ്ങനെ തന്റെ മഹത്വത്തിനായി രൂപപ്പെടുത്തി  എന്ന് നമുക്ക് കാണാൻ കഴിയും.

       യാക്കോബിന് ലേയ, റാഹേൽ എന്ന് രണ്ടു ഭാര്യമാരാണ് ഉണ്ടായിരുന്നത് എന്ന് നാം കണ്ടു. അതു കൂടാതെ അവരുടെ ദാസിമാരായ ബിൽഹ, സിൽപ്പ എന്നിവരും വെപ്പാട്ടിമാരായി ഉണ്ടായിരുന്നു. ഈ നാല് പേരും മക്കളെ പ്രസവിച്ചു.11 പുത്രന്മാരും ദീന എന്നൊരു പുത്രിയും ആണ്ഉണ്ടായിരുന്നത്.ലേയയുടെ പുത്രന്മാർ രൂബേനും, ശിമയോൻ, ലേവി, യിസ്സാഖാൻ, സെബലൂൺ എന്നിവരും ദീന പുത്രിയും ആയിരുന്നു.റാഹേലിന് ജോസഫ് ആണ് പുത്രനായുണ്ടായിരുന്നത്. ലേയയുടെ ദാസി സിൽപ്പയുടെ  പുത്രന്മാർ ഗാദ്, ആശ്ശേർ എന്നിവരും റാഹേലിന്റെ ദാസി ബിൻഹയുടെ പുത്രന്മാർ ദാൻ, നപ്ത്താലി  എന്നിവരും ആയിരുന്നു. പുത്രന്മാർ 11 പേരും പിൽക്കാലത്തു യിസ്രായേൽ 
ജനതയുടെ ഗോത്രത്തലവന്മാർ  ആയിത്തീർന്നു.

        20 വർഷം കൊണ്ട് യാക്കോബ് മഹാസമ്പന്നനായി വളരെ ദാസി ദാസന്മാരും ആട്മാടുകളും ഒട്ടകങ്ങളും കഴുതകളും ഉണ്ടായിരുന്നു. മാത്രമല്ല മേല്പറഞ്ഞ 12 മക്കളും ലഭിച്ചു. ദൈവം യാക്കോബിനെ അനുഗ്രഹിച്ചതായി കണ്ടപ്പോൾ ലാബാന്റെയും മക്കളുടെയും ഭാവം മാറി അതിനാൽ ദൈവ കല്പ്പന അനുസരിച്ച് യാക്കോബും കുടുംബയും സ്വദേശത്തേക്ക് മടങ്ങി പോകാൻ തീരുമാനിച്ചു. ഭാര്യമാരെയും ദാസി ദാസന്മാരേയും വിവരമറിയിച്ചു. ലാബാനും പുത്രന്മാരും ആടുകളെ രോമം കത്രിക്കുവാൻ ദൂരേ പോയിരുന്ന തക്കം നോക്കി യാത്ര പുറപ്പെട്ടു.3-)o ദിവസം വിവരം അറിഞ്ഞപ്പോൾ ലാബാൻ ആടുകളെ കൂട്ടി ഏഴ് ദിവസത്തെ വഴി യാക്കോബിനെ പിൻതുടർന്നു. ഗിലയാദ് പർവ്വതത്തിൽ വച്ച് ഒപ്പം എത്തി.എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ ലാബാന് പ്രത്യക്ഷനായി "യാക്കോബിനോട് ഒരു ദോഷവും ചെയ്യരുത്,"എന്ന് മുന്നറിയിപ്പ് നൽകി അത് അംഗീകരിച്ച ലാബാനും യാക്കോബും തമ്മിൽ ഉടമ്പടി ചെയ്ത് പിരിഞ്ഞു. ഉടമ്പടിയുടെ അടയാളമായി ഒരു കൽക്കൂബാരം ഉണ്ടാക്കി

6. മഹാനയീം എന്ന സ്ഥലത്ത് വച്ച് ദുതന്മാരുടെ ദർശനം യാക്കോബിനുണ്ടാകുന്നു.

       ലാബാനുമായുള്ള വേർപാടോടു
കൂടി യാക്കോബിന്റെ ജീവിതത്തിലെ ഒന്നാം ഘട്ടം അവസാനിച്ചു. രണ്ടാം ഘട്ടത്തിന്റെ ആരംഭമാണ് മഹനയിമിൽ വച്ച് ഉണ്ടായ ദൂതസമൂഹത്തിന്റെ
പ്രത്യക്ഷപ്പെടൽ. രണ്ടാം ഘട്ടം വിശ്വാസത്താലാണ് ആരംഭിച്ചത്
എന്ന് പറയാം. മഹനയീം ഗിലയാദിലെ ഒരു പട്ടണമാണ്. അത് യോർദ്ദാൻ നദിയുടെ യാബോക് കടവിന്റെ സമീപത്താണ് സ്ഥിതിചെയ്‌ത് ഇരുന്നത്. പദ്ദൻ അരാമിൽ നിന്ന് വിട്ടു പിരിഞ്ഞ് ദൈവത്തിന്റെ ജനത്തിനായി വേർതിരിച്ചിരിക്കുന്ന
ഈ പ്രദേശത്തെത്തിയപ്പോൾ ദൂത
സൈന്യം യാക്കോബിനെ എതിരേറ്റു. യാക്കോബാണ്‌ ആ സ്ഥലത്തിന് മഹനയിം എന്ന് പേരിട്ടത്."ഇരട്ടത്താവളങ്ങൾ" എന്നോ "ഇരട്ട സൈനീക കേന്ദ്രങ്ങൾ" എന്നോ ആണ് ആ പേരിന്റെ അർത്ഥം. 
       ലാബാനിൽ നിന്നുള്ള വേർപാട് യാക്കോബിനും കുടുംബത്തിനും പൊതുവെ വിഷമം ഉളവാക്കുന്നതായിരുന്നു. ആരും ആരും കൂട്ടില്ലാതെ അനാഥമായി പോകുമോ എന്ന ഉൽക്കണ്ഠ സ്വാഭാവികമായി അവർക്ക് ഉണ്ടായിക്കാണും. എന്നാൽ ദൂത സമൂഹം പ്രത്യേക്ഷപ്പെട്ടതോട് കൂടി അവരിൽ ആഹ്ലാദവും ധൈര്യവും നിറഞ്ഞു. അവർ അനാഥരല്ല എന്നും വലിയൊരു ദൂതസംഘo അവരോട് കൂടെ ഉണ്ടെന്നും മനസ്സിലായി. ഏലീശ പ്രവാചകന്റെ ദാസനും ഒരു ദൂതസൈന്യ ദർശനം ഉണ്ടായതായി വായിക്കുന്നു. ആദ്യം ദാസന് ദർശന ഭാഗ്യം ലഭിച്ചില്ല എങ്കിലും പ്രവാചകന്റെ പ്രാർത്ഥനക്ക്‌ ശേഷം അവന്റെ കണ്ണ് കൊണ്ട് അവരെ കാണാൻ സാധിക്കുകയും ഭയം മാറി ധൈര്യം ഉള്ളവനായി തീരുകയും ചെയ്തു.

        ക്രിസ്തീയ ജീവിതത്തിൽ ഉണ്ടാകാവുന്ന വേർപാടിന്റെ അവസരങ്ങളിൽ ഒരിക്കലും വേർപിരിയാത്ത ദൈവ സാന്നിദ്ധ്യത്തിന്റെ ഉറപ്പ്  സുരക്ഷിതത്വവും, ആശ്വാസവും ആനന്ദവും നൽകുന്നു എന്നതിന് സംശയം ഇല്ല.

7.  ദൈവപുരുഷനുമായുള്ള മൽപ്പിടിത്തവും അനുഗ്രഹവും.

      ജീവിതം മുഴുവൻ കബളിപ്പിക്കലും വില പേശലും കാപട്യവും കൊണ്ടു നടക്കുന്ന യാക്കോബ് എന്ന മനുഷ്യൻ യാബോക്ക് കടവിൽ  ഒറ്റക്കാണ്. യോർദ്ദാൻ നദിയുടെ പോഷക  നദിയാണ് യാബോക്ക് , ആ നദിയുടെ കടവിന്റെ അടുത്തു വന്നപ്പോൾ ആണ് 20 വർഷം മുമ്പ് പിണങ്ങി തന്നെ കൊല്ലുമെന്ന് തീരുമാനിച്ച തന്റെ സഹോദരനായ ഏശാവിനെ എങ്ങനെ
അഭിമുഖീകരിക്കും എന്ന്ചിന്തിച്ചത്.
20 വർഷം കഴിഞ്ഞത് കൊണ്ട് ഏശാവിന്റെ പക മാറിക്കാണും എന്ന് യാക്കോബ് ചിന്തിച്ചെങ്കിലും തന്നോട് കൃപ തോന്നണമെന്ന് അപേക്ഷിക്കുവാൻ യാക്കോബ് ഏശാവിന്റെ അടുക്കൽ ദൂതനെ അയച്ചു. ഏശാവ് 400 ആളുകളും ആയി യാക്കോബിനെ എതിരേല്പാൻ വരുന്നു എന്ന വാർത്ത കേട്ടപ്പോൾ യാക്കോബ് വല്ലാതെ ഭയപ്പെട്ടു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടുദാസിമാരേയും
പതിനൊന്ന് പുത്രന്മാരെയും തനിക്ക് ഉള്ളതൊക്കെയും യാക്കോബ് കടവിനക്കാരെ കടത്തി യാക്കോബ് മാത്രം ഇക്കരെ നിന്നു. മാറുകര കടക്കുവാൻ അവന് കഴിയുന്നില്ല. തന്റെ സഹോദരൻ ഏശാവിനെ എങ്ങനെ നേരിടുമെന്ന് ?  സഹോദരനെ അഭീമുഖീകരിക്കാൻ യാക്കോബ് ഭയപ്പെടുന്നു. അത് കൊണ്ട് ഏശാവിനെ പ്രസാദിപ്പിക്കാൻ സമ്മാനങ്ങൾ  അവൻ കൊടുത്ത് അയച്ചു. എന്നിട്ടും അവൻ മാനസ്സീക സംഘർഷത്തിൽ ഏർപ്പെട്ട് ഉഴലുകയാണ്.

      യാക്കോബ് ദൈവദൂതനുമായി ഒരു മൽപ്പിടുത്തം നടത്തി. ഇത് ശാരീരികമായ ഒരു മൽപ്പിടുത്തമല്ല. മറിച്ച് മാനസികമായ മൽപ്പിടിത്തത്തെയാണ് വെളിവാക്കുന്നത്. യാബോക്ക് കടവിൽ  വച്ച് അവൻ തകർക്കപ്പെട്ടു. ഉഷസ് ആകുവോളം ഒരു ദൈവപുരുഷൻ യാക്കോബിനോട് മല്ലു പിടിച്ചു.
യാക്കോബിനെ ജയിക്കയില്ല എന്ന് കണ്ടപ്പോൾ ദൈവപുരുഷൻ അവന്റെ തുടയുടെ തടം തൊട്ടു. യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. ദൈവദൂതനോട് പോലും മല്ലു പിടിക്കാൻ യാക്കോബ് ശക്തനാണ്. എന്നാൽ അവൻ ഇപ്പോൾ മുടന്തനായ ജേതാവാണ്. ആകെ തകർന്ന് മുടന്തനായ യാക്കോബ് ദൈവത്തോട് പ്രാർത്ഥിക്കുക ആണ്. "നീ എന്നെ അനുഗ്രഹിച്ച് അല്ലാതെ ഞാൻ നിന്നെ വിടുക ഇല്ല". യാക്കോബിന്റെ ഈ പ്രാർത്ഥന സ്വാർത്ഥത നിറഞ്ഞ ഒന്നായി തോന്നിയേക്കാം. അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്ന് പിടിച്ച് വാങ്ങാൻ കഴിയുന്നതാണോ ? അങ്ങനെയാകുമ്പോൾ ഇത് ശരിയായ പ്രാർത്ഥനയാണോ ചിന്തിക്കേണ്ടതാണ്.

      അനുഗ്രഹം എന്നത് ഭൗതീകം ആയ സമ്പത്ത് ധാരാളംഉണ്ടായിരിക്കുന്ന അവസ്ഥയല്ല. കാരണം യാക്കോബിന് ധാരാളം മൃഗസമ്പത്തും ഭൗതീകമായ സമൃദ്ധിയും ഉണ്ടായിരുന്നു. അപ്പോൾ തന്നേ അവൻ ദൈവത്തോട് ആവശ്യപ്പെടുന്നത് അനുഗ്രഹം ആണ്. യാക്കോബ് ദൈവത്തോട് യഥാർത്ഥത്തിൽ ആവശ്യപ്പെടുന്നത് ഭൗതികമായ സമ്പത്ത് അല്ല. ദൈവം കൂടെ   ഇരിക്കുന്ന അവസ്ഥയാണ്. തന്റെ മുമ്പിൽ അനേകം വെല്ലുവിളികൾ ഉണ്ട്. തനിക്ക് ഏശാവിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. അതിനു ദൈവം കൂടെയുണ്ട് എങ്കിൽ മാത്രമേ സാധിക്കയുള്ളൂ

      ദൈവപുരുഷൻയാക്കോബിന്റെ പേര് ചോദിച്ചു. യാക്കോബ് തന്റെ പേര് പറഞ്ഞു എന്ന് വേണം കരുതാൻ. ദൈവം അവനിൽ പ്രസാദിച്ചു. അവന് യിസ്രായേൽ എന്ന് പേരിട്ടു. യിസ്രായേൽ എന്ന പേരിന്റെ അർത്ഥം 'ദൈവത്തിന്റെ പ്രഭു ' എന്നാണ്. അവിടെ വച്ചു ദൈവം അവനെ അനുഗ്രഹിച്ചു. ആ സ്ഥലത്തിന് അവൻ പെനിയേൽ എന്ന് പേരിട്ടു. ആ പദത്തിന് 'ദൈവ മുഖം'എന്നർത്ഥം. യാക്കോബ് ദൈവമുഖം കണ്ട് രൂപന്തരപ്പെട്ട് പുതിയ സൃഷ്ടിയായി തീർന്നു.

8. യാക്കോബും ഏശാവും തമ്മിലുള്ള കൂടിക്കാഴ്ച

         യാക്കോബിന്റെ പ്രതീക്ഷക്ക്‌ വിപരീതമായി ഏശാവ് ഓടി വന്ന് യാക്കോബിനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു കരഞ്ഞു. യാക്കോബ് കൊടുത്തയച്ച സമ്മാനങ്ങൾ വാങ്ങാൻ ഏശാവ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സന്തോഷത്തോടെ വാങ്ങി ഏശാവിന്റെയും കൂട്ടുകാരുടെ കൂടെ പോകാതെ യാക്കോബ് ഒഴിഞ്ഞു മാറി തനിയെ യാത്ര ചെയ്തു. ഏശാവ് സോയീറിലേക്ക്‌ ആണ് പോയത്. യാക്കോബ് കനാനിലേക്കും പോയി, വാഗ്ദത്ത നിവൃത്തി കണ്ട് സന്തോഷിച്ചു. കനാനിലെ സുക്കോത്തിൽ വീട് പണിയുകയും തൊഴുത്തുകൾ നിർമ്മിക്കുകയും ചെയ്തു.

     തുടർന്ന് യാക്കോബ് കനാന്റെ മദ്ധ്യത്തിലുള്ള ശേഖേമിൽ എത്തി. അവിടെ കുറെ സ്ഥലം വിലക്ക് വാങ്ങി യിസ്രായേലിന്റെ ദൈവത്തിന് ഒരു യാഗപീഠം പണിതു. അതിന് 'എൽ - എലോഹി യിസ്രായേൽ ' എന്ന് പേരിട്ടു. ആ വാക്കിന് "യിസ്രയേലിന്റെ
ദൈവമായ യഹോവ" എന്നർത്ഥം. ഈ സ്ഥലം ചരിത്ര പ്രാധാന്യം അർഹിക്കുന്നു. ഇവിടെയാണ് യോസെഫിന്റെ അസ്ഥികൾ അടക്കം ചെയ്തത്. ഇവിടെയാണ് യാക്കോബിന്റെ കിണറിന്റെ സ്ഥാനം. ഇവിടെ വച്ചാണ് യേശു ശമര്യക്കാരി സ്ത്രീയോട് സംഭാഷണം നടത്തിയത്. അങ്ങനെ യാക്കോബിന്റെ ചരിത്രം പുഷ്പിച്ച് ഫലം കായ്ക്കുന്നു.
      .                                  (തുടരും)