യിസ്രായേൽ ആയിത്തീർന്ന ഗോത്രപിതാവായ യാക്കോബ്. (3)
കഴിഞ്ഞ ലക്കത്തിൽ യാക്കോബും കുടുംബവും പിതൃ ദേശത്തേക്ക് തിരിച്ചു പോകുന്നത്, മഹനിയീം എന്ന സ്ഥലത്ത് വച്ച് ദൈവദൂതന്മാരുടെ ദർശനം യാക്കോബിനുണ്ടാകുന്നത്. ദൈവ പുരുഷനുമായുള്ള യാക്കോബിന്റെ മൽപ്പിടിത്തവും അനുഗ്രഹവും, യാക്കോബും ഏശാവും തമ്മിലുള്ള കൂടികാഴ്ച എന്നിവയെ കുറിച്ചാണ് ചിന്തിച്ചത്. തുടർന്നുള്ള യാക്കോബിന്റെ ജീവിതത്തെ കുറിച്ച് പരിശോധിക്കാം.
9. യാക്കോബിന്റെ മക്കളുടെ വഴിപിഴച്ച ജീവിതം.
യാക്കോബിന്റെ മക്കൾ യാക്കോബിനെ പോലെ വിശ്വാസത്തിന്റെ വഴിയിൽ നടക്കാതെ വഴിപിഴച്ചവരായി എന്നത് പരിതാപകരമായ ഒരു സത്യമാണ്.യാക്കോബിന് ഒന്നിലധികം പെണ്മക്കൾ ഉണ്ടായിരുന്നെങ്കിലും ദീനയെ കുറിച്ച് മാത്രമെ പറയുന്നുള്ളു. അവളുടെ അച്ചടക്കമില്ലായ്മ ഇവിടെ പ്രകടമാക്കുന്നു. അവൾ ദേശത്തിലെ കന്യകമാരെ സന്ദർശിക്കാൻ പോയി. ആ സന്ദർശനം കഷ്ടത്തിലും നഷ്ടത്തിലുമാണ് കലാശിച്ചത്. സൗഹൃദസന്ദർശനത്തിന് വീട് വിട്ട് ഇറങ്ങിയ ദീനയെ പിന്നെ കാണുന്നത്, അപമാനിക്കപ്പെട്ടവളും അപഹരിക്കപ്പെട്ടവളുമായിട്ടാണ് .
തുടർന്ന് ദീനക്ക് പോരായ്മ വരുത്തിയ മകനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാനുള്ള ആലോചനയുമായി അന്യജാതി കാരനായ ഹാമോര് വരുന്നത് കാണാo. ഹാമോരിന്റെ മകനായ ശേഖേo, യാക്കോബും മക്കളും ആവശ്യപ്പെടുന്നത് എന്തും കൊടുക്കാൻ സന്നദ്ധനായിരുന്നു. എന്നാൽ അവരുടെ ഉദ്ദേശം ദീനക്ക് പോരായ്മ വരുത്തിയതിന് പ്രായശ്ചിത്തമല്ല പ്രത്യുത വസ്തു സമ്പാദനവും വ്യാപാരവും ആയിരുന്നു. കാരണം പരിശ്രമ ശാലികളും അഭിവൃദ്ധിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നവരുമായ യാക്കോബിന്റെ കുടുംബവും ആയുള്ള ബന്ധം സ്വന്തം അഭിവൃദ്ധിക്കും ഉയർച്ചക്കും വഴി തെളിക്കും എന്ന് ഹാമോർ ചിന്തിച്ചു.
എന്നാൽ യാക്കോബും മക്കളും ഈ വിവാഹബന്ധത്തിന് പരിച്ഛേദന എന്ന വ്യവസ്ഥ വച്ചു. മേല്പറഞ്ഞത് പോലെ ഇതും പൊള്ള
വാക്കായിരുന്നു. ആത്മീയ പ്രമാണത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് പ്രതികാരം നടത്തുവാനുള്ള തയ്യാറെടുപ്പ് അവർ നടത്തി. പരിച്ഛേദന ഏറ്റ് അവർ ക്ഷീണിതർ ആയിരിക്കുമ്പോൾ ശിമയോനും ലേവിയും കൊള്ളയും കൊലയും നടത്തി അവരോട് പകരം വീട്ടി. സ്വന്തം ദുരുദ്ദേശങ്ങൾക്ക് മതഭക്തി മറപിടിക്കുന്ന യിസ്രായേല്യർ വാസ്തവത്തിൽ അന്യജാതിക്കാരെക്കാൾ അധഃപതിച്ചു എന്നേ പറയാൻ കഴിയൂ. എന്നാൽ "ഞങ്ങളുടെ സഹോദരിയോട് ഇങ്ങനെ പെരുമാറിയല്ലോ " എന്ന് അവർ സ്വയം നീതീകരിക്കുന്നു. പക്ഷേ ദീനയെ ശേഖേo അവന്റെ വീട്ടിലേക്ക് പിടിച്ചുകൊണ്ടു പോയതല്ല, ദീന അങ്ങോട്ട് ചെല്ലുകയായിരുന്നു. സ്വന്തം സഹോദരിയുടെ പെരുമാറ്റത്തിലെ പാകപിഴകൾ സൗകര്യപൂർവ്വം വിസ്മരിക്കുകയാണ് അവർ ചെയ്‌തത്.
ശേഖേo ചെയ്തത് തെറ്റും അക്രമവുമാണ് എന്നതിന് സംശയമില്ല. ആ ദോഷത്തെ എങ്ങനെ അഭിമുഖീകരിക്കാം എന്ന പ്രശ്നത്തിന് ദൈവജനത്തിന് അനുയോജ്യമായ ഒരു ഉത്തരം നൽകാൻ യാക്കോബിന്റെ മക്കൾക്ക് കഴിഞ്ഞില്ല. തിന്മയോട് കൂടുതൽ തിന്മയായ വിധത്തിൽ ആണ് അവർ പെരുമാറിയത്.
നന്മകൊണ്ട് തിന്മയെ ജയിക്കുക എന്ന പ്രമാണത്തിലേക്ക് അവർ ഉയരുന്നില്ല. ഈ സംഭവത്തെ കുറിച്ച് യാക്കോബിന്റെ പ്രതികരണം ശ്രദ്ധേയമാണ്.
"നിങ്ങൾ എന്നെ ദുഷിപ്പിച്ചു എന്റെ പേരിന് കളങ്കം ചേർത്തു" എന്നായിരുന്നു. ആ ദേശക്കാർ തനിക്ക് വിരോധമായി കൂട്ടം കൂടുമെന്നും ആ കൂട്ടുകെട്ട് തന്നെ പാടെ നശിപ്പിക്കുമെന്നും യാക്കോബ് ഭയപ്പെട്ടു.
10. യാക്കോബിനെ വീണ്ടും ബെഥെലിൽ വച്ച് അനുഗ്രഹിക്കുന്നു.
യാക്കോബിനെ ദൈവം വിളിച്ചത് ശേഖേമിൽ തങ്ങാനല്ല. ബെഥെലിലേക്ക് പോകാനാണ്. ശേഖേമിൽ നിന്ന് ബെഥെലിലേക്ക് ആക്കാലത്തെ കണക്കനുസരിച്ച് ഒരു ദിവസത്തെ വഴിയേയുള്ളു. എന്നിട്ടും ദൈവം വിളിച്ച സ്ഥലത്തേക്ക് പോകാൻ യാക്കോബ് കൂട്ടാക്കുന്നില്ല. പരദേശിയായി പാർക്കണം എന്നാതായിരിരുന്നു യിസ്രായേലിനെ സംബന്ധിച്ചുള്ള ദൈവഉദ്ദേശം. അതിന് ഘടകവിരുദ്ധമായി ശേഖേമിൽ താമസം ഉറപ്പിക്കാനാണ് യാക്കോബിന്റെ പദ്ധതി. അവൻ അവിടെ സ്ഥലം സമ്പാദിക്കുകയും ചെയ്തു. അനുസരണക്കേടിന്റെ മറ്റൊരു വശമാണിത്. ഈ അനുസരണക്കേട് മറച്ചു പിടിക്കാൻ ഒരു യാഗപീഠം പണിതു. "അനുസരിക്കുന്നത് യാഗത്തെക്കാളും നല്ലത് " എന്നത് യാക്കോബിന് അറിഞ്ഞു കൂടായിരുന്നു.
തുടർന്ന് ദൈവകല്പ്പന അനുസരിച്ച് യാക്കോബും കുടുംബവും ശേഖേo പട്ടണത്തിൽ നിന്ന് ബെഥെലിലേക്ക് പോയി. ശേഖേമിൽ നിന്ന് പുറപ്പെടുമ്പോൾ ഒരു ശുദ്ധീകരണ പരിപാടിനടത്തി. വിഗ്രഹങ്ങൾ എല്ലാം കണ്ടെടുത്ത് ശേഖേമിനരികിലുള്ള കരുവേലകത്തിൻ കീഴെ കുഴിച്ചിട്ടു. യാക്കോബും കുടുംബവും ബെഥെലിൽ എത്തിയപ്പോൾ ദൈവം വീണ്ടും യാക്കോബിന് പ്രത്യക്ഷപ്പെട്ടു. ദൈവം അവനെ അനുഗ്രഹിക്കുകയും രണ്ടാം പ്രാവശ്യവും അവന് 'യിസ്രായേൽ ' അഥവാ ദൈവത്തിന്റെ പ്രഭു എന്ന് പേര് നൽകുകയും ചെയ്തു.
11. റാഹേലിന്റെ മരണവും യിസ്രായേലിന്റെ മിസ്രയീമിലേക്കുള്ള പ്രയാണവും
യാക്കോബിന്റെ സ്‌നേഹ ഭാജനമായിരുന്നഭാര്യ റാഹേൽ എഫ്രാത്തിനടുത്തു വച്ച് ബെന്യാമീനെ പ്രസവിക്കുകയും അവൾ മരണമടയുകയും ചെയ്തു. റാഹേലിനെ ബെത്‌ലഹേമിന് അടുത്തു അടക്കം ചെയ്തു. യാക്കോബ് യിസ്ഹാക്കിനെ പോലെ പുത്രന്മാരെ തരം തിരിച്ച് സ്‌നേഹിച്ചു. എല്ലാവരെക്കാളും അധികമായ് യോസേഫിനെ
സ്‌നേഹിച്ചത് സഹോദരന്മാരുടെ ഇടയിൽ കലഹത്തിനും ശണ്ഠക്കും കാരണമായി. വാർദ്ധക്യത്തിൽ യാക്കോബിനത് ദുഃഖകരമായി തീർന്നു. തുടർന്ന് യോസേഫിനെ സഹോദരന്മാർപകക്കുകയും അവനെ യിശ്മായേല്യ കച്ചവടക്കാർക്ക് 20വെള്ളിക്കാശിന്
വിൽക്കുകയും ചെയ്തു. അവന്റെ അങ്കി വലിച്ചു കീറി ആടിന്റെ രക്തത്തിൽ മുക്കി അവനെ ദുഷ്ട മൃഗം തിന്നുകളഞ്ഞു എന്ന്പറഞ്ഞു
യാക്കോബിനെ കബിളിപ്പിച്ചു. യിസ്ഹാക്കിന്റെ വാർദ്ധക്യത്തിൽ യാക്കോബ് കബളിപ്പിച്ചത് പോലെ യാക്കോബിന്റെ വാർദ്ധക്യത്തിൽ 10 പുത്രന്മാരും കൂടെ തന്നെയും കബിളിപ്പിച്ചു. "മനുഷ്യൻ വിതക്കുന്നത് തന്നെ കൊയ്‌യും" എന്ന സത്യം ഇവിടെ അർത്ഥവത്തായിത്തീർന്നു.
സഹോദരന്മാർ യിശ്മായേല്യർക്ക് അടിമയായി വിറ്റ യോസേഫിനെ അവരുടെ പക്കൽ നിന്ന് മിസ്രയീമിലെ അകമ്പടി നായകനായ പൊത്തിഫേർ വിലക്ക് വാങ്ങി. അപ്പോൾ യാക്കോബ് അതി ദുഃഖിതനായി ദൈവ നടത്തിപ്പുകൾ എല്ലാം മറന്ന് "സകലതും എനിക്ക് പ്രതികൂലം തന്നെ" എന്ന് പറഞ്ഞു. എന്നാൽ യോസെഫിനെ ദൈവം പല നാടകീയ സംഭവങ്ങൾക്കു ശേഷം മിസ്രയീമിലെ മന്ത്രിയായി ഉയർത്തി. യാക്കോബിനെയും മക്കളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 70 പേരെയും മിസ്രയീമിൽ വരുത്തി ക്ഷാമ കാലത്ത് പോഷിപ്പിച്ചു എന്നാണ് കണുന്നത്.70 എന്ന കണക്കിൽ യാക്കോബിനെയും നേരത്തെ മിസ്രയീമിൽ ഉണ്ടായിരുന്ന യോസേഫിനെയും ഭാര്യയേയും രണ്ടു പുത്രന്മാരെയും ഉൾപ്പടുത്തിയിട്ടില്ല എന്നാണ് വേദ പണ്ഡിതന്മാരുടെ അഭിപ്രായം. ഇവരും കൂടെ ചേരുമ്പോൾ സംഖ്യ 75 ആകും. എല്ലാം കൂടി നോക്കുമ്പോൾ യാക്കോബിന് 66 പേരും ദാസീദാസന്മാരും എല്ലാം കൂടി ഒരു വലിയ സംഖ്യ ആളുകളാണ് മിസ്രയിമിലേക്ക് വന്നത്.
12. യാക്കോബും മക്കളും മിസ്രയീമിൽ പാർപ്പുറപ്പിക്കുന്നു.
യാക്കോബും മക്കളും ഇടയന്മാരായിരുന്നത് കൊണ്ട് അവരെ ഫറവോൻ മിസ്രയീമിലെ മേച്ചിൽ സ്ഥലമായ ഗോശെൻ ദേശത്ത് താമസിപ്പിച്ചു. അവർക്ക് രമസേസ് ദേശത്ത് അവകാശവും കൊടുത്തു. യാക്കോബ് 17 വർഷം മിസ്രയീമിൽ ജീവിച്ചു. മനുഷ്യ ജീവിതം ഈ ലോകത്തിൽ ഒരു പരദേശ പ്രയാണമാണെന്ന് യാക്കോബ് പ്രസ്താവിക്കുന്നു. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു.
യാക്കോബ് മരണത്തോട് സമീപിച്ചപ്പോൾ യോസേഫിന്റെ മക്കളായ മനശ്ശയേയും എഫ്രയീമിനെയും അനുഗ്രഹിച്ചു. അവിടെയും അനുജൻ ജേഷ്ഠനെ കാൾ വലിയവനായിത്തീരും എന്ന് പ്രസ്താവിക്കുന്നു. യാക്കോബ് തന്റെ 12 പുത്രന്മാരേയും പ്രത്യേകം പ്രത്യേകമായി അനുഗ്രഹിച്ചു. യെഹൂദയെ അനുഗ്രഹിച്ചപ്പോൾ അവൻ 'ബാലസിംഹം' എന്നും
രാജദണ്ഡ്, ചെങ്കോൽ എന്നിവ അവന് അവകാശമായിരിക്കും എന്നും പ്രസ്താവിച്ചു.യഹൂദാ ഗോത്രത്തിൽ ലോക രക്ഷകനായി മശിഹാ ജനിക്കുമെന്നുള്ള തന്റെ ഒരു മുൻ സൂചനയായിരുന്നു അത്.
13. യാക്കോബിന്റെ മരണം.
യാക്കോബ് മക്കളെയെല്ലാം അനുഗ്രഹിച്ച ശേഷം 147 -മത്തെ വയസ്സിൽ മിസ്രയീമിൽ വച്ചു മരിച്ചു. യാക്കോബിന് വേണ്ടി 70 ദിവസം വിലാപം കഴിച്ചു. 40 ദിവസം
കൊണ്ട് ശവശരീരത്തിന് സുഗന്ധ
വർഗ്ഗം ഇട്ടു. അതിന് ശേഷം ശവശരീരം കാനാൻ ദേശത്ത് മക്പേല ഗുഹയിൽ, അബ്രഹാം, സാറാ, യിസ്ഹാക്ക്, റിബേക്ക, ലേയ എന്നിവരെ അടക്കം ചെയ്ത സ്ഥലത്ത് തന്നെ അടക്കി. 7 ദിവസം അവിടെയും വിലാപം കഴിച്ചു. ദേശവാസികൾ ഇത് മിസ്രയീമ്യരുടെ മഹാവിലാപം എന്ന് പറഞ്ഞു ആ സ്ഥലത്തിന് "ആബേൽ മിസ്രയീം"എന്ന് പേരിട്ടു. അങ്ങനെ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ച് ജയിച്ച "യിസ്രായേൽ" എന്ന് പേര് സമ്പാദിച്ച യാക്കോബ് കഥാവശേഷനായി. എങ്കിലും യിസ്രായേൽ ചരിത്രം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ