ഒരു വലിയ ജാതിയുടെ മാതാവാകാൻ ഭാഗ്യം ലഭിച്ച ഹാഗാർ
"ഹാഗാറിന്റെ മകനെ ഒരു വലിയ ജാതി ആക്കും" എന്നത് ദൈവത്തിന്റെ അരുളപ്പാടായിരുന്നു. അങ്ങനെ ഹാഗാർ ഒരു വലിയ ജാതിയുടെ മാതാവായിത്തിർന്നു. എന്നാൽ ഹാഗാർ എന്ന അടിമപെൺകുട്ടി അതിന് കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു. തന്റെ യജമാനത്തിയുടെ ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കുന്നതിനു വേണ്ടിയുള്ള ഒരു ഉപകരണമായി തീരെണ്ടി വന്നു. മാത്രമല്ല യജമാനത്തിയുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഒളിച്ചോടേണ്ടി വരുകയും അവസാനം യജമാനന്റെ മൗനാനുവാദത്തോടെ അവളെയും മകനെയും യജമാനത്തി നാടുകടത്തുകയും ചെയ്‌തു. എന്നാൽ എളിയവരുടെ നിലവിളി കേട്ട് ഇറങ്ങി വരുന്ന വിമോചകനായ ദൈവം ഹാഗാറിനെയും മകനെയും ആശ്വസിപ്പിക്കുകയും അനുഗഹിക്കുകയും ചെയ്തു. അതിന്റെ വിശദാoശങ്ങളിലേക്ക്
കടക്കാം.
1. ഹാഗാർ ആരായിരുന്നു.
അബ്രഹാം കനാനിൽ പാർത്തപ്പോൾ ദേശത്ത് ക്ഷാമം ഉണ്ടായി.അതുകൊണ്ട് അദ്ദേഹം ഈജിപ്തിലേക്ക് താമസം മാറ്റി. അവിടെ വെച്ച് സാറാ വാങ്ങിയ അടിമയായിരുന്നു ഹാഗാർ. വേദപണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഉഗാറത്തിക്, അക്കേദിയൻ, ഈജിപ്ഷ്യൻ ഭാഷകളിൽ പരാമർശിക്കപ്പെടുന്ന "അപീരൂ" വർഗ്ഗക്കാരിയായിരുന്നിരിക്കാം ഹാഗാർ. രാഷ്ട്രീയകലാപം നിമിത്തമോ, സാമ്പത്തീക പരാധീനത കൊണ്ടോ ദാരിദ്ര്യം കൊണ്ടോ ഹാഗാർ തന്നെത്തന്നെ വിറ്റതാകാം. അല്ലെങ്കിൽ പിതാവ് വിറ്റതാകാം. ഹാഗാർ എന്ന എബ്രായ പദത്തിന് എമിഗ്രേഷൻ (കുടിയേറിപ്പാർപ്പ്, ദേശാന്തരഗമനം) എന്നാണർത്ഥം.
ഇതിൽ നിന്നും ഹാഗാർ എന്നത് അവളുടെ പേരല്ല എന്നും കുടിയേറിപ്പാർത്തതുകൊണ്ട് അങ്ങനെ വിളിച്ചതാകാം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവളുടെ മാതാപിതാക്കളെ കുറിച്ച് രേഖകളില്ല.
2. സാറായുടെ ഉപകരണമായി
മാറേണ്ടി വന്ന ഹാഗാർ.
അബ്രഹാമിന്റെ ഭാര്യ സാറായ്ക്ക് മക്കളുണ്ടായിരുന്നില്ല.യഹോവ അബ്രഹാമിന് പ്രത്യക്ഷനായി ഒരു മകനെ വാഗ്ദാനം ചെയ്തു. കുറേ കാലത്തിന് ശേഷം വീണ്ടും ദൈവം തന്റെ വാഗ്ദാനം മറ്റൊരു വിധത്തിൽ ആവർത്തിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും സാറാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കാത്തതിനാൽ അവളുടെ ക്ഷമ നശിച്ചു. ദൈവഇഷ്ടം നിറവേറ്റുവാൻ സാറാ ഒരു ഉപായം കണ്ടുപിടിച്ചു. അവളുടെ ആഗ്രഹത്തിന് അബ്രഹാം വഴങ്ങി. തന്റെ ദാസിയായ ഹാഗാറിനെ അബ്രഹാമിന് ഭാര്യയായി നൽകി. അതായത് സാറാ സന്താനലബ്ധിക്ക് വേണ്ടി ഹാഗാറിനെ ഒരു ഉപകരണമായി ഉപയോഗിച്ചു. ഭാര്യയുടെ അടിമപ്പെൺ കുട്ടിയെ മക്കളെ പ്രസവിക്കുന്നതിനായി ഉപയോഗിക്കുക എന്നത് "ആക്കാലത്തെ പതിവായി" പുരാതന പശ്ചിമേഷ്യൻ ഗ്രന്ഥങ്ങളിൽ ("ഹമ്മുറാബിയുടെ നിയമം 146)രേഖപ്പെടുത്തിയിട്ടുണ്ട്.
3. ഹാഗാർ സാറായിൽ നിന്നും ഏറ്റ പീഡനവും ഓടിപ്പോക്കും.
ഹാഗാർ തന്റെ യാജമാനനായ അബ്രഹാമിനാൽ ഗർഭിണിയായി. അതോടെ അവൾ അഹങ്കരിച്ചു. യജമാനത്തിക്കും അടിമക്കും ഒരുമിച്ച് ജീവിക്കുക പ്രയാസമായി. സാറാ വിവരം അബ്രഹാമിനെ അറിയിച്ചപ്പോൾ അബ്രഹാം പറഞ്ഞത് "നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു , ഇഷ്ടം പോലെ അവളോട് ചെയ്തു കൊള്ളുക "എന്നായിരുന്നു. അങ്ങനെ അബ്രഹാം സാറായുടെ ഇഷ്ടത്തിന് കാര്യങ്ങൾ വിട്ടു കൊടുത്തു.സാറാ യജമാനത്തിയുടെ സർവ്വ അധികാരവും ഉപയോഗിച്ച് ഹാഗാറിനെ പീഡിപ്പിച്ചു."സാറാ അവളോട് കാഠിന്യം തുടങ്ങി". "കാഠിന്യത്തിന് " ഉപയോഗിച്ചിരുന്ന എബ്രായ ക്രിയാപദം സൂചിപ്പിക്കുന്നത് ഈജിപ്റ്റിൽ (മിസ്രയിമിൽ ) യിസ്രായേൽ ജനത അനുഭവിച്ചതു പോലെയുള്ള പീഡനങ്ങൾ സാറായിൽ നിന്നും ഹാഗാർ അനുഭവിച്ചുവെന്നാണ്. പീഡനം സഹിക്ക വയ്യാതായപ്പോൾ
ഹാഗാർ ഓടിപ്പോയി. അബ്രഹാമിനോട് അനുവാദം ചോദിച്ചിട്ടല്ല അവൾ ഓടിപ്പോയത്. ഹെബ്രോനിൽ നിന്ന് ബേർ - ശേബവഴി മിസ്രയീമിലേക്ക് അവൾ നടന്നു. ശൂരിന് പോകുന്ന പാതയിലെ അരുവിയുടെ സമീപത്ത് അവൾ എത്തി.
4. പീഡിപ്പിക്കപ്പെട്ടവളുടെ സങ്കടം കണ്ട് ഇറങ്ങി വന്ന് ഹാഗാറിനെ മടക്കി അയക്കുന്ന ദൈവം.
സാറായുടെ അടുക്കൽ നിന്ന് ഓടിപ്പോയ ഹാഗാറിന്റെ സങ്കടം ദൈവം കാണുകയും വഴി മദ്ധ്യേ അവൾക്ക് പ്രത്യക്ഷനാകുകയും ചെയ്‌തു. "ഹാഗാറെ "എന്നല്ല സാറായുടെ ദാസിയായ ഹാഗാറെ എന്നാണ് യഹോവയുടെ ദൂതൻ അവളെ സംബോധന ചെയ്തത്. ഗർഭിണിയായപ്പോൾ അഹങ്കരിച്ച ഹാഗാറിന് സാറാ തന്റെ യജമാനത്തിയാണെന്ന് സമ്മതിക്കൻ വിഷമം തോന്നിക്കാണും. താൻ സ്വതന്ത്രയാണെന്ന ഭാവത്തിലായിരുന്നു ഓട്ടം. അവൾ സ്വതന്ത്രയല്ല എന്ന് ഓർമപ്പെടുത്താനായിരിക്കാം ദാസി എന്ന് സംബോധന ചെയ്തത്.
'എവിടെ പോകുന്നു'എന്ന ചോദ്യത്തിന് മറുപടി പറയുന്നില്ല. ഇറങ്ങി ഓടി എന്നല്ലാതെ എവിടേക്ക് എന്ന് ചിന്തിച്ചില്ല. മിസ്രയീമിൽ അഭയം കിട്ടുമെന്ന്
നിശ്ചയമില്ല. ഇപ്പോൾ മരുഭൂമിയിൽ എത്തിയിരിക്കുന്നു. യാതൊരു തണലുമില്ലാതെ അത്യുഷ്ണവും സഹിച്ചു എത്ര ദൂരം ഓടും എന്നോ എവിടെ എത്തും എന്നോ ഒരു നിശ്ചയവുമില്ല. എന്ത് ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ് ദൈവ
ദൂതന്റെ പ്രത്യക്ഷത. മിസ്രയീമിലെ മരുഭൂമിയുടെ മദ്ധ്യത്തിലും ദൈവീക ദർശനം സാദ്ധ്യമാണ് എന്ന് ഇത് തെളിയിക്കുന്നു.
സന്ദർശന ഫലം ഉടൻ തന്നെ ദൂതനിൽ നിന്ന് വെളിവായി."നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്ക് കീഴടങ്ങിയിരിക്ക" തുടർന്ന് അവളെഅനുഗ്രഹിച്ചു. അവഗണനക്ക് പാത്രമായി ദാസ്യ -
വൃത്തി തുടരുവാൻ തന്നെ നിശ്ചയിച്ചു കൊണ്ട് ഹാഗാർ യജമാനത്തിയുടെ അടുത്തേക്ക് തിരിച്ചു പോകേണ്ടി വന്നു. കഠിന മാനസിയായ യജ്മാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് കീഴടങ്ങി
ഇരിക്കുക ദുഷ്കരമാണ്. അന്തസ്സും അഭിമാനവും ഉള്ളവർക്ക് തിരിച്ചു പോകുകയില്ല എന്ന ദുർവാശിയിൽ പിടിച്ചു നിൽക്കാം. പക്ഷേ തിരിച്ചു പോയി ദൈവനിർദ്ദേശപ്രകാരം യജമാനത്തിയുടെ അടുക്കൽ ചെന്ന് കീഴടങ്ങിയിരിക്കുകയാണ് അന്തസ്സും അഭിമാനവുമെന്ന് ആ സന്ദർശനത്തിലൂടെ അവൾ മനസ്സിലാക്കി.
ഹാഗാറിന്റെ ജീവിതത്തിൽ 'ബേർ -ലഹായി -രേയി' (നീ എന്നെ കാണുന്നു) എന്നത് ഒരു വലിയ അനുഭവമായിരുന്നു. അവളുടെ ജീവിത പാത തീരുമാനിക്കപ്പെട്ടത് അവിടെ വെച്ചായിരുന്നു. തനിക്ക് വേണ്ടി കരുതുന്ന ഒരു ദൈവം ഉണ്ടെന്നും ഭാവി ആ കരങ്ങളിൽ സുരക്ഷിതം ആയിരിക്കുമെന്നും അവൾക്ക് അറിവ് ലഭിച്ചത് അവിടെ വച്ചായിരുന്നു. തുടർന്ന് ഹാഗാർ സാറായുടെ ഭവനത്തിലേക്ക് മടങ്ങി പോയ്. അബ്രഹാമിന് 86 വയസ്സ്
ആയപ്പോൾ ഹാഗാർ യിശ്‌മായേലിനെ പ്രസവിച്ചു. പിന്നിടുള്ള 13 വർഷത്തെ
ചരിത്രത്തെ കുറിച്ചുള്ള രേഖകൾ വേദപുസ്തകത്തിലില്ല. ഹാഗാർ സാറാക്ക് കീഴടങ്ങി ജീവിച്ചു എന്ന് അനുമാനിക്കാം. മാത്രമല്ല യിശ്മായേലിന്റെ ആഗമനം കുടുംബത്തിൽ സന്തോഷവും ശാന്തതയും ഉണ്ടാക്കിയിരിക്കാം.
5.ഹാഗാറിനെ സാറാ നാടുകടത്തുന്നു.
യിശ്മായേലിന് 14 വയസ്സായപ്പോൾ വാഗ്ദത്ത സന്തതിയായ യിസ്ഹാക്ക് സാറാക്ക് ജനിച്ചു. യിസ്ഹാക്കിന് മുലകുടി മാറിയപ്പോൾ യിശ്മായേലിന് 17 വയസോളം പ്രായമുണ്ടായിരുന്നു. "മിസ്രയീമ്യ ദാസി ഹാഗാറിന്റെ മകൻ പരിഹാസി എന്ന് കണ്ടു." എന്ന് വായിക്കുന്നു. "കണ്ടു"എന്നതിന് ഉപയോഗച്ചിരിക്കുന്ന എബ്രായ പദം സാറായുടെ പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. പാരമ്പര്യം സ്വത്തവകാശത്തിന്റെ പേരിൽ യിശ്മായേൽ യിസ്ഹാക്കിന് ഒരു ഭീഷണിയാകാം എന്ന സാറായുടെ ദീർഘവീക്ഷണം. അത് 'പരിഹാസി' എന്ന് ഇവിടെ ഉപയോഗിച്ചിരുന്ന മൂലപാദത്തിന് ഉപദ്രവിക്കുക എന്നോ കളിയാക്കുക എന്നോ അർത്ഥമുണ്ട്.' ഉപദ്രവിച്ചു' എന്ന പദമാണ് കൂടുതൽ അർത്ഥവത്തായിരിക്കുന്നത്.
ഇവിടെ 'മിസ്രയീമ്യ ദാസി' എന്നതിന് ഉപയോഗിച്ചിരുന്ന എബ്രായ മൂലപാദത്തിന് കൂടുതൽ ഞെരുക്കുന്ന മർദ്ദനപരമായ സാഹചര്യത്തെയാണ് അർത്ഥമാക്കുന്നത്. തുടർന്ന് സാറാ ഹാഗാറിനെ കഠിനമായി പീഡിപ്പിക്കുകയും പുറത്താക്കി കളയുകയും ചെയ്‌യുന്നു."ഈ ദാസിയേയും മകനേയും പുറത്താക്കി കളക എന്നാണ് സാറാ അബ്രഹാമിനോട് ആജ്ഞ›പിക്കുന്നത്. സാറാ എന്ന യജമാനത്തി ദാസിയുടേയും മകന്റെയും പേരു പോലും ഉച്ചരിക്കുന്നില്ല.ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങൾക്ക് പുറപ്പാട് സംഭവത്തിന്റെ രചനയോട് സാമ്യം
ഉണ്ട് 10-) മത്തെ ബാധ ആദ്യ ജാതന്മാരുടെ ജീവിതത്തിന് ഭീഷണിയായിത്തീർന്നപ്പോൾ യിസ്രായേൽ അടിമകളെ ഫറവോൻ പുറത്താക്കി. അതു പോലെ സാറാ, ഹാഗാർ എന്ന അടിമയെ പുറത്താക്കി തന്റെ ആദ്യജാതന്റെ ഭാവി സുരക്ഷിതം ആക്കാൻ ശ്രമിച്ചു.
ഹാഗാറിനെ പുറത്താക്കാൻ സാറാ തീരുമാനിച്ചപ്പോൾ അബ്രഹാം മൗനം പാലിച്ചു. മരണാസന്നനായി കിടക്കുന്ന മനുഷ്യന്റെ വായിൽ ഒരിറ്റു വെള്ളം ഒഴിച്ചു കൊടുക്കുന്നത് പോലെ അബ്രഹാം അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിന്റെ തോളിൽ വെച്ചു കൊടുത്തു. കുട്ടിയെയും കൊടുത്തു അവളെ അയച്ചു. "അയച്ചു" എന്നതിന് ഉപയോഗിച്ചിരുന്ന എബ്രായ ക്രീയാ പദത്തിന് ഈ ഭാഗത്ത് നൽകി ഇരിക്കുന്ന അർത്ഥം "നാടു കടത്തൽ" എന്നാണ്. സ്വാതന്ത്ര്യം നൽകി പറഞ്ഞയക്കുകയല്ല ഹാഗാർ എന്ന അടിമയെ അബ്രഹാം നാടുകടത്തുകയാണ് ചെയ്തത്. അരുതായ്മ കണ്ടപ്പോൾ 'അരുത് ' എന്ന് പറയുവാനോ ചെറുത്തു നിൽക്കുവാനോ അബ്രഹാമിന് സാധിച്ചില്ല. തന്റെ കുഞ്ഞിനെ പ്രസവിച്ച അടിമ സ്ത്രീയെ നാട് കടത്തുമ്പോൾ അവളോട് അല്പം സംസാരിച്ച് സാന്ത്വനപ്പെടുത്താൻ അബ്രഹാം തുനിയുന്നില്ല, എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.
6. വിമോചകനായ ദൈവം ഇറങ്ങി വന്ന് ഹാഗാറിനെ ആശ്വസിപ്പിച്ച് അനുഗ്രഹിക്കുന്നു.
അടിമത്വത്തിൽ നിന്ന് ഹാഗാർ പുറത്തായെങ്കിലും അവൾക്ക് ഇതൊരു വിടുതലിന്റെ അനുഭവം അല്ലായിരുന്നു എന്നതായിരുന്നു സത്യം. ഹാഗാർ ബേർ -ശേബ മരുഭൂമിയിൽ അലഞ്ഞു നടന്നു.'വാണ്ടർ' എന്നതിന് ഉപയോഗിച്ചിരുന്ന എബ്രായ പദത്തിന് 'ലക്ഷ്യമില്ലാതെ അഗതിയെപോലെ അലയുക എന്നാണർത്ഥം . വിജനമായ മരുഭൂമിയിൽ ഹാഗാർ ഒറ്റപ്പെട്ടവളായി അലയുകയാണ് ഉണ്ടായത്. അബ്രഹാം നൽകിയ അപ്പവും വെള്ളവും തീർന്നപ്പോൾ മരിക്കുകയേ നിർവ്വാഹമുള്ളൂ. കുട്ടിയെ കുറങ്കാട്ടിൽ മണലിൽ ഇട്ടു. വളരെ നിരാശയോടെ തന്റെ കുട്ടിയുടെ മരണം പ്രതീക്ഷിച്ചു കൊണ്ട് ഇരിക്കുകയാണ് ഹാഗാർ. മരുഭൂമിയുടെ അനുഭവത്തിൽ ക്ഷീണം, ദാഹം, വേദന എന്നിവയിൽ പൊരിഞ്ഞു. അവൾ ആദ്യമായി സംസാരിക്കുകയും ഉറക്കെ കരയുകയും ചെയ്‌തു.
എബ്രായ സാമൂഹത്തിൽ സ്ത്രീകൾക്ക് പ്രത്യേകിച്ച് ദാസിമാർക്ക് ഉറക്കെ കരയാൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഈ വിജനതയിൽ ഹാഗാർ ഉറക്കെ കരഞ്ഞു കൊണ്ട് പറയുകയാണ് "കുട്ടിയുടെ മരണം എനിക്ക് കാണണ്ട" അവൾ ദൈവത്തോട് ഒന്നും യാചിച്ചില്ല. എന്നാൽ അടിച്ചമർത്തലുകൾ അനുഭവിക്കുന്നവരുടെ സഹയാത്രികനായി ദൈവത്തോട് ഉറക്കെ കരയുകയാണ് ചെയ്തത്. വിമോചകനായ ദൈവം നിലവിളി കേട്ട് ഇറങ്ങിവരികയും ധൈര്യപ്പെടുത്തുകയും ചെയ്‌തു, അവളുടെ പേർ വിളിച്ച് ദൈവം ചോദിക്കുന്നു. "ഹാഗാറേ നിനക്ക് എന്ത്?" തന്റെ പ്രശ്ന സങ്കീർണ്ണതയിൽ തന്നെ തേടി വരികയും കരുതലോടെ ഇടപെടുകയും അവളെ ധൈര്യപ്പെടുത്തുകയും ചെയ്‌ത ദൈവത്തെയാണ് കാണുന്നത്.
തുടർന്ന് ദൈവം അവളുടെ കണ്ണ് തുറന്നു. പുതിയ ദർശനത്തിന്റെ വാതായനങ്ങൾ അവൾക്ക് തുറന്നു നൽകി. കാഴ്ച ലഭിച്ച ഹാഗാർ ഒരു നീരുറവ കണ്ടു. മരുഭൂമിയിൽ മരീചികകളും മരുപച്ചകളും മാത്രമേ കാണുക
ഉള്ളു. അടുത്തെത്തുമ്പോൾ അവ യാഥാർഥ്യo അല്ല എന്ന് ബോഥ്യപ്പെടും. എന്നാൽ ഇവിടെ ജീവൻ നിലനിർത്തുന്ന നീരുറവിന്റെ കാഴ്ച അവൾക്ക് നവജീവൻ നൽകി. അവൾ ചെന്ന് തുരുത്തിയിൽ വെള്ളം നിറച്ചു. ബാലനെ കുടിപ്പിക്കുകയും അവനെ വളർത്തി വലുതാക്കുകയും ചെയ്‌തു. പിതാവിന്റെയും മാതാവിന്റെയും കടമകൾ അവൾ ഏകയായി നിറവേറ്റി. ഇങ്ങനെ മരുഭൂമിയുടെ അനുഭവത്തിലും ബദൽ അന്വേഷണവുമായി യാത്ര ചെയ്ത ഹാഗാറിന് വലിയൊരു ജാതിയുടെ മാതാവാകുവാൻ ഭാഗ്യം ലഭിക്കുകയും ചെയ്തു. ലോകം എങ്ങുമുള്ള അറബികളുടെ മാതാമഹിയായ ഹാഗാർ ചരിത്രത്തിന്റെ താളുകളിൽ എന്നെന്നും ജീവിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ